air-india

ന്യൂഡൽഹി : ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാതെ വലഞ്ഞ് എയർ ഇന്ത്യ. രാജ്യത്തെ പൊതുമേഖലയിലുള്ള വിമാനകമ്പനിയായ എയർ ഇന്ത്യയ്ക്ക് ഒക്ടോബർ മാസം വരെ ജീവനക്കാർക്ക് ശമ്പളം നൽകാനാവൂ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിസന്ധിയിൽ നിന്നും ഒഴിവാകുവാനായി ഓഹരി വിൽപ്പനയിലൂടെ നഷ്ടം വീട്ടാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഓഹരി വിൽപ്പനയ്ക്ക് മുന്നോടിയായി പദ്ധതി ആവിഷ്‌കരിക്കുന്നതിനായി കേന്ദ്രമന്ത്രിമാരടങ്ങിയ പ്രത്യേക സമിതി കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് രൂപീകരിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായിരുന്ന അരുൺ ജയ്റ്റ്ലി,സുരേഷ് പ്രഭു, നിതിൻ ഗഡ്കരി തുടങ്ങിയവരായിരുന്നു സമിതിയിലെ അംഗങ്ങൾ എന്നാൽ നിലവിലെ മന്ത്രിസഭയിൽ നിതിൻ ഗഡ്കരിയൊഴിച്ച് ബാക്കി രണ്ടു മന്ത്രിമാരും അംഗങ്ങളല്ല. എയർ ഇന്ത്യയുടെ ഓഹരി വിൽക്കുവാനുള്ള പ്രാരംഭ ചർച്ചകൾ നടന്നിരുന്നെങ്കിലും നടപടികളായിരുന്നില്ല. പുതിയ മന്ത്രിസഭയിലെ ധന,വ്യോമായാന മന്ത്രിമാരെ ഉൾപ്പെടുത്തി സമിതിയെ പുന:സംഘടിപ്പിച്ചാൽ മാത്രമേ എയർഇന്ത്യയിലെ ഓഹരി വിൽപ്പനയെ കുറിച്ചുള്ള ആലോചന തുടങ്ങാനാവുകയുള്ളു. എന്നാൽ ഈ നടപടികൾ നീണ്ടുപോകുന്നതോടെ ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാത്ത അവസ്ഥയിലേക്ക് എയർ ഇന്ത്യ നീങ്ങുകയാണ്.