ഹെെദരാബാദ്: തെലങ്കാനയിൽ കാലുറപ്പിക്കാനൊരുങ്ങി ആർ.എസ്.എസിന്റെ തന്ത്രം. തെലങ്കാനയിൽ ഇതിന്റെ ഭാഗമായി മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് പദ്ധതിയിടുന്നത്. പ്രമുഖ ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ജില്ലകൾ തോറും മുസ്‍ലിം രാഷ്ട്രീയ മഞ്ച് തുറക്കാനാണ് ആർ.എസ്.എസിന്റെ തീരുമാനം. നാലുവർഷങ്ങൾക്ക് മുൻപ് ഹൈദരബാദിൽ മുസ്‍ലിം രാഷ്ട്രീയ മഞ്ച് ഓഫീസ് തുറന്നിരുന്നു. അന്ന് രണ്ട് അംഗങ്ങൾ മാത്രമാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ചിനുണ്ടായിരുന്നത്. എന്നാൽ, നിലവിൽ 3000ത്തിലധികം അംഗങ്ങൾ ഉണ്ടെന്നാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ച് അവകാശപ്പെടുന്നത്.
ഈ വർഷാവസാനത്തോടെ അംഗത്വം പതിനായിരം കവിയുമെന്നാണ് പ്രതീക്ഷയെന്നും മുസ്‍ലിം രാഷ്ട്രീയ മഞ്ച് അവകാശപ്പെടുന്നു. കാര്യമായ വേരോട്ടമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സജീവമാകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. അടുത്ത മാസം ആന്ധ്രപ്രദേശിൽ മുസ്‍ലിം രാഷ്ട്രീയ മഞ്ചിന്റെ ഓഫീസുകൾ തുറക്കുമെന്നും ആർ.എസ്.എസ് വ്യക്തമാക്കുന്നു.
എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഒവൈസിയുടെ ഹൈദരാബാദ് മണ്ഡലത്തെയും മുസ്‍ലിം രാഷ്ട്രീയ മഞ്ചിലൂടെ ആർ.എസ്.എസ് ലക്ഷ്യമാക്കുന്നുണ്ട്. ഒവൈസിയോട് എതിർപ്പുള്ള മുസ്‍ലിംകളുടെ പിന്തുണ മുസ്‍ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവർത്തനങ്ങളിലൂടെ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ആർ.എസ്.എസ് പ്രതീക്ഷ. മുസ്ലിം വോട്ടുകൾ ഏറെ നിർണായകമാണ് ഈ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും. ഇതിൽ വിള്ളലുകൾ സൃഷ്ടിക്കാൻ മുസ്ലിം രാഷ്ട്രീയ മഞ്ചിനെ ആയുധമാക്കാമെന്നാണ് ആർ.എസ്.എസ് കരുതുന്നത്. രണ്ട് തെലുംഗു സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷങ്ങൾക്കിടയിൽ വേരുപിടിക്കുകയെന്നതാണ് ഇപ്പോൾ നടപ്പാക്കിവരുന്ന പദ്ധതി.
വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമാണ് ആർ.എസ്.എസിന്റെ അടുത്ത ലക്ഷ്യം. തിരഞ്ഞെടുപ്പു ജയങ്ങൾക്ക് ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലേക്ക് തങ്ങളുടെ വേരുകൾ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സംഘടന തിരിച്ചറിഞ്ഞിട്ടുണ്ട്. ആർ.എസ്.എസ് സൃഷ്ടിച്ചു കൊടുക്കുന്ന അടിത്തറ ഉപയോഗിച്ച് ബി.ജെ.പിക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലമാക്കാൻ സാധിക്കുമെന്നും ഇവർ കരുതുന്നു. ഹിന്ദി മേഖലയിൽ എതിർവികാരം വന്നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടുകൾ താങ്ങാകണമെന്നാണ് ആർ.എസ്.എസിന്റെ പക്ഷം.