പറമ്പിലെ നീളമുള്ള കവുങ്ങിൽ പടർന്ന് കയറി നിറയെ വിളവുമായി നിൽക്കുന്ന കുരുമുളക് ചെടികൾ മലയാളത്തിന്റെ ഐശ്വര്യവും സമ്പത്തുമായിരുന്നു. ഓരോ വീട്ടിലെയും പറമ്പുകളുടെ വലിപ്പം കുറഞ്ഞതോടെ കവുങ്ങുകളും അതിലെ കുരുമുളക് കൃഷിയും അന്യമായി. ഇതോടെയാണ് ചെടിച്ചെട്ടികളിൽ കൃഷി ചെയ്യാവുന്ന കുറ്റിക്കുരുമുളകിന്റെ വരവ്. വർഷത്തിൽ എല്ലാ തവണയും വിളവ് തരുന്ന കുറ്റിക്കുരുമുളക് നഗരത്തിലെ ഫ്ലാറ്റ് വാസികൾക്കും കൃഷി ചെയ്യാമെന്ന് വന്നതോടെ പ്രചാരമേറുകയാണ്. താങ്ങ് വൃക്ഷങ്ങളുടെ സഹായമില്ലാതെ അധികം പടരാതെ ഒതുങ്ങി നല്ല വിളവ് തരുന്ന കൃഷിയാണിത്. സ്‌കൂൾ കുട്ടികൾക്ക് പോലും കുറ്റിക്കുരുമുളക് വളർത്തി പരിപാലിക്കാനും വിളവ് നേടാനും കഴിയും. സാധാരണ ചെടികൾക്ക് നൽകുന്ന പരിപാലനം മാത്രം മതിയാകും .
കുരുമുളക് വള്ളിയിൽ നിന്ന് നടീൽ വസ്‌തു കണ്ടെത്താം
വള്ളിക്കുരുമുളകിന്റെ വശങ്ങളിലേക്ക് വളരുന്ന ശിഖിരങ്ങളാണ് കുറ്റിക്കുരുമുളക് തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. കുരുമുളക് ചെടിയുടെ ചുവട്ടിൽ നിന്ന് മുളച്ച് മുകളിലേക്ക് വളരുന്ന തലകളാണു കൃഷിചെയ്യാൻ സാധാരണ ഉപയോഗിക്കുന്നത്. എന്നാൽ കുറ്റിക്കുരുമുളകിന് കണ്ണിതലകൾ എന്ന പാർശ്വശാഖകളാണ് ഉപയോഗിക്കുന്നത്.
കുരുമുളകിന് കായ്‌ക്കുന്ന വള്ളികളും പടരുന്ന വള്ളികളും ഉണ്ട്. അതിൽ കായ്‌ക്കുന്ന വള്ളികളാണ് കുറ്റിക്കുരുമുളകിനായി ഉപയോഗിക്കുന്നത്. അതിനാലാണ് ഇവപടർന്ന് വളരാത്തത്.
മുറിച്ചെടുത്ത ശിഖരത്തിന്റെ ചുവട്ടിലെ കുറച്ച് ഇലകൾ നീക്കം ചെയ്‌ത ശേഷം മണ്ണ്,മണൽ,ചാണകം എന്നിവ കൂട്ടിക്കലർത്തിയ മിശ്രിതം നിറച്ച പോളിത്തീൻ കവറുകളിൽ നടാം.
ഏപ്രിൽ - മെയ് മാസങ്ങളാണ് തൈകൾ വളർത്താൻ ഉത്തമം. വേരുപിടിച്ച നാല് തൈകൾ വരെ ഒരുമിച്ച് ചട്ടികളിലോ ഗ്രോബാഗുകളിലോ നടാം.
നിറയെ വിളവ് തരും
കുറ്റികുരുമുളക് നട്ട് ഒരു വർഷം മുതൽ പൂത്ത് വിളവ് തരും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. നന്നായി പരിചരണം നൽകിയാൽ വീട്ടിലേക്ക് ആവശ്യമുള്ളത് മാത്രമല്ല പുറത്ത് വിൽപ്പനയ്‌ക്ക് ആവശ്യമായ വിളവും കുറ്റിക്കുരുമുളക് തരും.
മികച്ച ഇനങ്ങൾ
പന്നിയൂർ, അഗളി, തേവം, പഞ്ചമി, പൗർണമി, കരിമുണ്ട,കുതിരവാലി,കല്ലുവള്ളി,കൊറ്റനാടൻ തുടങ്ങിയവയാണ് കുറ്റികുരുമുളകിലെ മികച്ച ഇനങ്ങൾ. കുറ്റികുരുമുളക് നടുമ്പോൾ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളിൽ തൈ കടത്തി നട്ടാൽ ചെടി നേരെ വളർന്ന് കുഴലിന്റെ മുകൾ ഭാഗത്തെ തലപ്പിൽ നിന്ന് ധാരാളം പാർശ്വ ശിഖരങ്ങൾ ചുറ്റും ഉണ്ടാകും. നിലത്താണ് നടുന്നതെങ്കിൽ വെള്ളം കെട്ടിനിൽക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി വിവിധ മിശ്രിതങ്ങൾ നിറച്ച് വേണം നടേണ്ടത്. മാസംതോറും ഓരോ ചുവടിനും രണ്ടുപിടി വേപ്പിൻ പിണ്ണാക്ക് നൽകിയാൽ നല്ല വിളവ് കിട്ടും. സാധാരണ കുരുമുളക് വർഷത്തിൽ ഒരുതവണ കായ് തരുമ്പോൾ കുറ്റിക്കുരുമുളകിൽ നിന്നും വർഷം മുഴുവൻ വിളവ് ലഭിക്കും.