chembrathi-

ചെമ്പരത്തിപ്പൂ ചെവിയിൽ വച്ചോളൂ എന്ന് പറയാത്ത മലയാളികളുണ്ടാവില്ല. ചെമ്പരത്തിയുടെ ഗുണങ്ങൾ അറിയുന്നവർക്ക് പോലും ചെമ്പരത്തി ചെവിയിൽ ചൂടാനുള്ള വട്ട് പൂവാണ്. പൂക്കളുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് പഠിക്കാനായി നമ്മളിൽ പലരും ചെമ്പരത്തിയെ വിശദമായി വരച്ചും മുറിച്ചും അടുത്തറിഞ്ഞവരാണ്.

സൗത്ത് കൊറിയ, മലേഷ്യ, ഹെയ്‌തി എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പമാണ് ഇത്. മലേഷ്യ ,ഫിലിപ്പൈൻസ്, കാമറൂൺ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലെ തപാൽ സ്റ്റാമ്പിലും ചെമ്പരത്തിയുണ്ട്. പലനിറവും വലിപ്പവുമുള്ള ചെമ്പരത്തികളുടെ കണക്ക് നോക്കിയാൽ ഏകദേശം 2000ൽ കൂടുതൽ ഉണ്ടാവുമത്രേ...
എല്ലാ പൂന്തോട്ടങ്ങളിലേയും സ്ഥിരം അംഗമായതുകൊണ്ട് ഗൗനിക്കാതെ മാറ്റി നിറുത്തേണ്ട ചെടിയല്ല ചെമ്പരത്തി. ആരും മൈൻഡ് ചെയ്തില്ലേലും നല്ല ഉഷാറായ് വളരുമെന്നതാണ് ചെമ്പരത്തിയുടെ പ്രത്യേകത. അതുകൊണ്ടാണല്ലോ പലരും അതിർത്തി സംരക്ഷിക്കാനുള്ള വേലിച്ചെടിയായും ഇതിനെ ഉപയോഗിക്കുന്നത്.

നാല് മീറ്റർ വരെ ഉയരത്തിൽ പൊങ്ങുന്ന കുറ്റിച്ചെടിയാണ് ചെമ്പരത്തി. ചെമ്പരത്തിക്ക് പൂക്കാൻ പ്രത്യേക കാലമൊന്നുമില്ല. മിക്കവാറും എല്ലാ സമയത്തും പൂക്കും. പലർക്കും ചെമ്പരത്തിച്ചെടി കൃഷി ഉപജീവന മാർഗമാണ്. ചെമ്പരത്തിപ്പൂ മൊട്ട് മാലകോർത്ത് വിപണിയിലെത്തിച്ചാൽ ഒരുമാലയ്ക്ക് അമ്പത് രൂപ വരെ കിട്ടും. ബസുകാരും ക്ഷേത്രങ്ങളുമാണ് ചെമ്പരത്തിപ്പൂവിനെ വിലയ്ക്കെടുക്കുന്നവരിൽ കൂടുതൽ. സാധാരണ കണ്ടുവരാറുള്ള ചുവപ്പ്‌ ചെമ്പരത്തിക്കു പുറമെ പല തരത്തിലുള്ള മഞ്ഞ, ഓറഞ്ച്‌, റോസ്‌. രണ്ട്‌ നിലകളിലുള്ള ചെമ്പരത്തിപ്പൂവടക്കം പല നിറത്തിലുള്ള ചെമ്പരത്തിപ്പൂക്കളുണ്ട്.

ചുവന്ന ചെമ്പരത്തിയാണ് സർവസാധാരണമായി കണ്ടുവരുന്നത്. ചൈനീസ് ചെമ്പരത്തിയെന്ന പേരിൽ അറിയപ്പെടുന്ന ഇതിന്റെ ഇലകൾ ചെറുതാണ്. ഈ ചെമ്പരത്തി നിലത്തു തന്നെ മണ്ണിൽ നടുന്നതാണ് കൂടുതൽ നല്ലത്. എല്ലാ ദിവസവും വെളളമൊഴിക്കണമെന്ന് മാത്രം. മഴക്കാലത്ത് ചെടിയുടെ ഇലകളിൽ വേപ്പെണ്ണ തളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വളമോ വെളളമോ അധികം ആവശ്യമില്ലാത്ത ഒരു ചെമ്പരത്തിയാണ് ഹൈബിസ്‌കസ് റോസ സിനെസിസ്. രക്തവർണമുള്ള ഈ ചെമ്പത്തിയുടെ ഇലകൾ റോസ്, ക്രീം, വെള്ള നിറങ്ങളിലായിരിക്കും. ഇത് ഏതുതരം മണ്ണിലും വളരും. ചെമ്പരത്തിയുടെ ചെറുകൊമ്പുകളാണ് നടുന്നത്. മഞ്ഞ നിറത്തിലുള്ള ചെമ്പരത്തിയുമുണ്ട്. അതിന്റെ പൂവിതളുകൾ വലുപ്പമേറിയവയാണ്. പൂവിനു വലുപ്പമുണ്ടെങ്കിലും ചെടി അധികം വളരാറില്ല. അതുകൊണ്ടുതന്നെ ചട്ടികളിലും വളർത്താം.

വളം വേണ്ട വെള്ളം വേണം

വളപ്രയോഗവും വേണ്ട. പക്ഷെ വെള്ളം ചെറിയ തോതിലെങ്കിലും വേണം. മഞ്ഞുകാലത്ത് ധാരാളം പൂക്കൾ ലഭിക്കും. ചെമ്പരത്തി പൂക്കൾ സ്ക്വാഷും വൈനും ഉണ്ടാക്കുവാനും മൊട്ടുകൾ കറിവയ്ക്കുവാനും ഉപയോഗിക്കാറുണ്ട്‌.

ഉപയോഗം പലവിധം
മറ്റു പൂക്കൾക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ്‌ ചെമ്പരത്തിപ്പൂവിനുള്ളത്‌. നൈട്രജൻ, ഫോസ്ഫറസ്‌, ജീവകം ബി, സി എന്നിവയാൽ സമ്പന്നം. ഇത് കൂടാതെ ചെമ്പരത്തി കൊണ്ട് നല്ല ഒരു സ്ക്വാഷ്‌ ഉണ്ടാക്കാം. ചുവന്ന നാടൻ ചെമ്പരത്തി പൂവാണ് ഇതിലെ പ്രധാന ചേരുവ. ചെമ്പരത്തിയുടെ പൂവും ഇലയും ഏറെ ഔഷധഗണമുള്ളവയാണ്. ആയുർവേദത്തിൽ നൂറ്റാണ്ടുകളായി ചെമ്പരത്തി പല രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.

തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിന്റെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം.
ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ചെമ്പരത്തിയിൽ നിന്നെടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്നു.