dhoni

സച്ചിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ ആരാധകരുടെ മനസിൽ ആഴത്തിലുറപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മുൻക്യാപ്റ്റനും ടീമിന്റെ നട്ടെല്ലുമായ മഹേന്ദ്രസിംഗ് ധോണി അദ്ദേഹത്തിന്റെ രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിൽ നിന്നും വിരമിക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് മത്സരത്തലെ രാജ്യത്തിന്റെ അവസാന മത്സരത്തോടെ ടീം ഇന്ത്യയുടെ തല പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ വാർത്ത ഏജൻസിയായ പി.ടി.ഐയാണ് ആരാധകരുടെ നെഞ്ചിൽ തീകോരിയിടുന്ന ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് എന്നത് വാർത്തയുടെ ആധികാരികത വർദ്ധിപ്പിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡോ, ധോണിയോ ഇനിയും പ്രതികരിച്ചിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിൽ നീണ്ട പതിനഞ്ച് വർഷത്തെ അനുഭവ പാരമ്പര്യമുള്ള ധോണിയുടെ ചിറകിലേറി ടീം ഇന്ത്യ ഏകദിന,ട്വന്റി 20, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായിരുന്ന ധോണി ആകെ 348 ഏകദിനങ്ങളിലാണ് കളത്തിലിറങ്ങിയിട്ടുള്ളത്. 50.58 റൺ ശരാശരിയിൽ 10,723 റൺസാണ് ധോണിയുടെ സമ്പാദ്യം. എന്നാൽ വിക്കറ്റിന് പിന്നിലാണ് ധോണിയുടെ കരുതലും കാവലും രാജ്യം കണ്ടത്. 317 ക്യാച്ചുകളും 122 സ്റ്റംപിങ്ങുകളുമുണ്ട്. ടീം ഇന്ത്യയിൽ ഒരു തലമുറയുടെ മാറ്റമുണ്ടായ സമയത്താണ് ക്യാപ്റ്റനായി ധോണിക്ക് സ്ഥാനക്കയറ്റം കിട്ടിയത്. ക്യാപ്റ്റൻ കൂൾ എന്നറിയപ്പെട്ട ധോണിയുടെ ബാറ്റും, ഗ്ലൗസും തലയും ടീം ഇന്ത്യയുടെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരുന്നു. അവസാന ഓവറിലും അവസാന ബോളിലും വിജയം കൊണ്ടുവരുന്ന മാജിക് ധോണിയുടെ മാത്രം പ്രത്യേകതയാണ്. ഏകദിനത്തിലെ ബെസ്റ്റ് ഫിനിഷറായി ക്രിക്കറ്റ് ലോകം വാഴ്ത്തിയിരുന്നതും ധോണിയെയാണ്.

ക്യാപ്റ്റൻസിയിൽ നിന്നും ഒഴിഞ്ഞ ശേഷവും വിക്കറ്റിന് പിന്നിൽ മാത്രമായിരുന്നില്ല ധോണിയുടെ സ്ഥാനം. കോഹ്ലിയും,രോഹിത് ശർമയും ക്യാപ്റ്റൻമാരായി വരുമ്പോഴും അവസാന വാക്ക് ധോണിയുടേതായിരുന്നു.

എന്നാൽ ലോകകപ്പിൽ ധോണിയുടെ മെല്ലപ്പോക്ക് വിമർശന വിധേയമായിരുന്നു. സാക്ഷാൽ സച്ചിൻ പോലും ധോണിയുടെ മെല്ലപ്പോക്കിനെ വിമർശിച്ചിരുന്നു. ട്രോളൻമാരുടെ 'തോണിതുഴച്ചിൽ' ട്രോളുകൾക്കപ്പുറം അമരത്ത് നിന്ന് ടീമിന് ആവശ്യമുള്ള സമയത്ത് നട്ടെല്ലായി കരുത്ത് പകരാൻ ധോണിയുണ്ട് എന്നത് ഏതൊരു ക്രിക്കറ്റ് പ്രേമിക്കും ആശ്വാസമാണ്. ലോകകപ്പിലെ മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ബലിദാൻ മുദ്ര കീപ്പിങ് ഗ്ലൗസിൽ പതിപ്പിച്ചതിന് ഐസിസിയുടെ വിമർശനം ധോണിക്ക് കേൾക്കേണ്ടി വന്നിരുന്നു. ഇംഗ്ലണ്ടിലെ മണ്ണിൽ നിന്നും ലോകകപ്പ് ഉയർത്തി സ്റ്റേഡിയം വലം വയ്ക്കുന്ന ടീം ഇന്ത്യയ്‌ക്കൊപ്പം ധോണിയുടെ യാത്രപറച്ചിൽ ഉണ്ടാവരുതേ എന്ന പ്രാർത്ഥനയിലാവും ഇപ്പോൾ ഭൂരിപക്ഷം ക്രിക്കറ്റ് പ്രേമികളും.