കഴിഞ്ഞ വർഷമാണ് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ ചക്കയെ കേരളത്തിന്റെ ഔദ്യോഗികമായ ഫലമായി നിയമസഭയിൽ പ്രഖ്യാപിച്ചത്. 30 കോടി മുതൽ 60 കോടി ചക്ക വരെ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും, വാണിജ്യപരമായി ചക്കയെ ഉപയോഗപ്പെടുത്തിയാൽ 30000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞിരുന്നു. കേരളത്തിൽ ചക്ക കൊണ്ടുള്ള വിപണി സാദ്ധ്യത എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആ കണക്കുകൾ.
ഇപ്പോഴിതാ ഇതെല്ലാം മനസിലാക്കി ചക്കയിൽ നിന്ന് 175ൽപരം വിഭവങ്ങളുണ്ടാക്കി ചക്കയെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് കാണിച്ചു തരികയാണ് തിരുവനന്തപുരം തിരുമല സ്വദേശിനി സ്‌മിത. വീട്ടിലെ പ്ലാവിലിരുന്നു പഴുത്തു വീണു നശിക്കുന്ന ചക്കയെ എങ്ങനെയൊക്കെ ഉപയോഗിച്ച് അതിന്റെ പോഷകസമൃദ്ധി കുട്ടികളുടെ ആരോഗ്യത്തിന്റെ ഭാഗമാക്കുകയാണ് ഈ വീട്ടമ്മ.
ചക്ക ചിപ്സ്, ചക്ക പൊരിച്ചത് എന്നിങ്ങനെ കേട്ടുമടുത്ത വിഭവങ്ങളെ കൂടാതെ വ്യത്യസ്ഥമായ വിഭവങ്ങളാണ് സ്മിതയുടെ വീട്ടിലെ അടുക്കളയിൽ പാകപ്പെടുത്തുന്നത്. മധുരം നുണഞ്ഞ് കളയുന്ന ചക്കക്കുരു പൊടിച്ചും സ്മിത വിഭവങ്ങൾ ഉണ്ടാക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഫേസ്ബുക്കിലെ "കൃഷിത്തോട്ടം" എന്ന ഗ്രൂപ്പിൽ കണ്ട ചലഞ്ചിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് സ്മിത ചക്ക വിഭവങ്ങൾ പരീക്ഷിച്ചു തുടങ്ങിയത്. അത് ചക്ക സദ്യ, പൊറോട്ട, ചപ്പാത്തി, അലുവ, ചക്ക ബിരിയാണി, മുറുക്ക്, കേക്ക് എന്നിങ്ങനെ 175ൽ എത്തി നിൽക്കുകയാണ്. കൊതിയൂറുന്ന ചക്ക വിഭവങ്ങൾ വീട്ടിൽ മക്കൾക്ക് വലിയ ഇഷ്ടമാണ്. പല വിധത്തിലുള്ള മായം കലർന്ന ന്യൂഡിൽസും പാസ്‌തയ്‌ക്കുമൊക്കെ പകരം നല്ല ചക്ക മുറിച്ച് കുക്കറിൽ വേവിക്കുന്ന ചക്കപ്പുഴുക്കാണ് വൈകുന്നേരം കുട്ടികൾക്ക് പ്രിയം.
ചക്ക വിഭവങ്ങൾ ഒരുക്കാൻ സ്മിതയ്ക്ക് കൂട്ടായി ഭർത്താവ് ബിനുവും മക്കളായ ആരവും അവന്തികയും എന്നും അടുക്കളയിൽ ഉണ്ടാവും. ടെക്നോപാർക്ക് ജീവനക്കാരനായ ഭർത്താവ് ബിനുവിന് ചക്ക വിഭവങ്ങളോട് വലിയ പ്രിയമാണ്. മകളേക്കാൾ എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ആരവിനാണ് ചക്ക വിഭവങ്ങളോട് കൂടുതൽ ഇഷ്ടം. ചക്ക വിഭവങ്ങൾ നല്ല ഭംഗിയോടെ പാകം ചെയ്താൽ മകന് വലിയ ഇഷ്ടമാണെന്ന് സ്മിത പറയുന്നു. വീട്ടിലെ എല്ലാവർക്കും ചക്ക വിഭവങ്ങൾ ഇഷ്ട ഭക്ഷണമായതോടെ പരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ സ്മിതയും കുടുംബവും തയ്യാറല്ല.