ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് മോത്തിലാൽ വോറയ്‌ക്ക് നൽകാൻ തീരുമാനം. രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. അടുത്തയാഴ്ച ചേരുന്ന കോൺഗ്രസ് പ്രവർത്തന സമിതി യോഗത്തിൽ പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കുമെന്നാണ് വിവരം.
നേരത്തെ, രാഹുൽ ഗാന്ധി തന്റെ രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. താൻ നേരത്തെ തന്നെ രാജി സമർപ്പിച്ചതാണെന്നും നിലവിൽ പാർട്ടി അദ്ധ്യക്ഷനല്ലെന്നും രാഹുൽ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിവയ്‌ക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ മൂന്നാംദിവസമാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയോഗത്തിൽ വച്ച് രാഹുൽഗാന്ധി തന്റെ രാജി പ്രഖ്യാപനം നടത്തിയത്. ബി.ജെ.പി ഒറ്റയ്ക്ക് 303 സീറ്റ് കിട്ടിയപ്പോൾ കോൺഗ്രസിന് ആകെയുളള സീറ്റിന്റെ പത്ത് ശതമാനം പോലും തികയ്ക്കാനാവാതെ 52 സീറ്റ് മാത്രമാണ് കിട്ടിയത്. കഴിഞ്ഞ തവണ 44 സീറ്രായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. രാജിവയ്ക്കുക മാത്രമല്ല നരേന്ദ്രമോദിക്കെതിരായി റാഫേൽ വിവാദം താൻ ഉയർത്തിക്കൊണ്ടുവന്നപ്പോൾ കോൺഗ്രസ് നേതാക്കൾ അതേറ്രുപിടിച്ചില്ലെന്നും രാഹുൽ കുറ്രപ്പെടുത്തിയിരുന്നു.
പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കാണ്. അതുകൊണ്ടാണ് രാജിവയ്ക്കുന്നത്. ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ പോയി കണ്ടപ്പോഴും താൻ രാജിയിൽ നിന്ന് പിന്മാറില്ല എന്നാണ് രാഹുൽ പറഞ്ഞത്.