മുംബയ്: ബീഹാർ സ്വദേശിനി നൽകിയ പീഡനാരോപണ കേസിൽ ബിനോയ് കോടിയേരിക്ക് മുംബയ് ദിൻഡോഷി കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. പൊലീസ് ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനയ്‌ക്ക് ബിനോയ് രക്തസാമ്പിൾ നൽകണമെന്ന് കോടതി നിർദ്ദേശിച്ചതാണ് ഉപാധികളിൽ പ്രധാനം. ഡി.എൻ.എ പരിശോധന വേണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം ബിനോയിയുടെ അഭിഭാഷകൻ നേരത്തേ കോടതിയിൽ തള്ളിയിരുന്നു. ജാമ്യാപേക്ഷയിൽ ഡി.എൻ.എ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്ന ബിനോയിയുടെ അഭിഭാഷകന്റെ വാദവും കോടതി സ്വീകരിച്ചില്ല.
ചൊവ്വാഴ്‌ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
വിവാഹത്തിന്റേതടക്കം പരാതിക്കാരി സമർപ്പിച്ച രേഖയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ഒപ്പ് ബിനോയിയുടേതല്ലെന്നും യുവതിക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ബിനോയി കോടതിയിൽ ആരോപിച്ചു. തെളിവായി ചിത്രങ്ങളും ഹാജരാക്കി. ബിനോയിയുടെ പിതാവ് മുൻമന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ലെന്നും ബോധിപ്പിച്ചു.
എന്നാൽ തന്റെ പാസ്പോർട്ട് തെളിവായി കാട്ടി കുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്ന് 33 കാരിയായ യുവതി വാദിച്ചു. പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ് എന്നാണ്. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ ഭീഷണിപ്പെടുത്തിയെന്ന് യുവതി കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി യുവതിയുടെ വാദം വീണ്ടും കേൾക്കാമെന്ന് പറഞ്ഞിരുന്നു. അതിനാൽ ഇന്നലെ കൂടുതൽ വാദവുമായി യുവതി കോടതിയെ സമീപിച്ചു. യുവതിയുടെ അഭിഭാഷകൻ വാദങ്ങൾ കോടതിയിൽ എഴുതി നൽകുകയും ചെയ്തു.
ബിനോയ് വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ തന്നെ പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ 8 വയസുള്ള കുട്ടിയുണ്ടെന്നുമാണ് ദുബായിൽ ബാർ ഡാൻസറായിരുന്ന യുവതിയുടെ പരാതി.
ജാമ്യ ഉപാധികൾ
25,000 രൂപ ബോണ്ട് കെട്ടിവയ്ക്കണം.
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.
ഡി.എൻ.എ പരിശോധനയ്‌ക്ക് പൊലീസ് ആവശ്യപ്പെട്ടാൽ രക്തസാംപിൾ നൽകണം. ഒരുതരത്തിലും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്