തകർന്നത് 14 വർഷം മാത്രം പഴക്കമുള്ള ഡാം
സംഭരണശേഷി 20 ലക്ഷം ഘനമീറ്റർ
വെള്ളപ്പാച്ചിലിൽ ഏഴ് ഗ്രാമങ്ങൾ മുങ്ങി
മുംബയ് : മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷമാകുന്നതിനിടെ രത്നഗിരി ജില്ലയിലെ ചിപ്ളുൻ താലൂക്കിലെ തിവാരി അണക്കെട്ട് തകർന്ന് 23 പേർ മുങ്ങി മരിച്ചു. 11 മൃതദേഹങ്ങൾ കണ്ടെത്തി. മൂവായിരത്തോളം ജനസംഖ്യയുള്ള ഏഴ് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 14 വീടുകൾ ഒലിച്ചു പോയി. നിരവധിപേരെ കാണാതായി.
ഇതോടെ അഞ്ച് ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി മരണം 65 ആയി.
കനത്ത മഴയിൽ കവിഞ്ഞൊഴുകിയ അണക്കെട്ട് ചൊവ്വാഴ്ച രാത്രി10 മണിയോടെയാണ് തകർന്നത്. രത്നഗിരിയിൽ പ്രളയ സമാനമായ അന്തരീക്ഷമാണ്. ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ തുടരുകയാണ്. ഗ്രാമവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.
ചൊവ്വാഴ്ച രാവിലെ തന്നെ അണക്കെട്ടിൽ വിള്ളലുകൾ വീണതായും ജാഗ്രതാ നിർദേശം ലഭിച്ചിരുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. രാത്രി അണക്കെട്ട് തകർന്ന് വെള്ളം ജനവാസ മേഖലയിലേക്ക് ഇരച്ചു കയറുകയായിരുന്നു.
14വർഷം മാത്രം പഴക്കമുള്ള അണക്കെട്ട് തകർന്നത് നിർമ്മാണത്തിലെ
തകരാറ് മൂലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.
അണക്കെട്ട് തകർന്നതിനെ പറ്റി അന്വേഷണത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉത്തരവിട്ടു.
തെറ്റുപറ്റിയെന്ന് കാലാവസ്ഥാ കേന്ദ്രം
മുംബയിലെ കനത്ത മഴയും പ്രളയസാദ്ധ്യതയും മുൻകൂട്ടി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം സമ്മതിച്ചു.
375.2 മില്ലീമീറ്റർ മഴയാണ് 9 മണിക്കൂറിൽ രേഖപ്പെടുത്തിയത്.
2005 ജൂലായിൽ ആയിരത്തിലേറെ പേർ മരിച്ച പ്രളയത്തിന് ശേഷം പെയ്‌ത അതിശക്തമായ മഴയാണിത്.
മുംബയിൽ ജനജീവിതം താറുമാറായി
കനത്ത മഴയിൽ പലയിടത്തും റെയിൽപ്പാളങ്ങൾ മുങ്ങി.
റൺവേയിൽ വെള്ളം കയറി മുംബയ് വിമാനത്താവളം സ്‌തംഭിച്ചു.
75 വിമാനങ്ങൾ റദ്ദാക്കി.
ട്രെയിൻ ഗതാഗതം നിലച്ചു.
ദീർഘദൂരവണ്ടികൾ വഴിയിൽ നിറുത്തിയിട്ടു.
മുംബയ്, താനെ, പാൽഘർ എന്നിവിടങ്ങളിൽ ഇന്നും പൊതു അവധിയാണ്.
സ്‌കൂളുകളും സ്ഥാപനങ്ങൾക്കും അടച്ചു.
താഴ്ന്ന പ്രദേശങ്ങളായ കുർള, ദാദർ, സയൺ, ഘാഡ്‌കോപ്പർ, മലാഡ്, അന്ധേരി എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി.
രണ്ട് ദിവസം കൂടി മഴ തുടരും.
ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു.
1500 ലേറെപേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
മുംബയിലെ ആയിരത്തിലധികം കെട്ടിടങ്ങൾ കാലപ്പഴക്കത്തിൽ പൊളിയാറായതിനാൽ ജനങ്ങൾ ആശങ്കയിലാണ്.