തിരുവനന്തപുരം: സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷന് എഴുതിത്തള്ളാവുന്ന കാർഷിക കടങ്ങളുടെ പരിധി ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയായി ഉയർത്തും .നിലവിലെ പരിധി അര ലക്ഷം മുതൽ ഒരു ലക്ഷം രൂപ വരെയാണ്. പരിധി ഉയർത്തുന്നതിന് 2007ലെ കാർഷിക കടാശ്വാസ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
പരിധി ഉയർത്തുന്നതോടെ, കടാശ്വാസകമ്മിഷൻ നിർദ്ദേശിക്കുന്ന മുറയ്ക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷികകടങ്ങൾ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാം. നിയമഭേദഗതി സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. മൂലനിയമത്തിലെ അഞ്ചാം വകുപ്പിലെ മൂന്നാം ഉപവകുപ്പിലാവും ഭേദഗതി വരുത്തുക.
2014 ഡിസംബർ 31 വരെ കർഷകർ എടുത്തിട്ടുള്ള എല്ലാ വായ്പകളും കടാശ്വാസത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. 2011 ഡിസംബർ 31വരെയുള്ള വായ്പകൾക്കായിരുന്നു ഇതുവരെ ഈ ആനുകൂല്യം. ഇടുക്കി, വയനാട് ജില്ലകളിൽ 2018 ആഗസ്റ്റ് 31 വരെയുള്ള കാർഷിക കടങ്ങൾ കടാശ്വാസത്തിന്റെ പരിധിയിൽ വരും. ഈ ജില്ലകളിൽ 2014 ഡിസംബർ 31 വരെയുള്ള കടങ്ങൾക്കായിരുന്നു ഇതുവരെ കടാശ്വാസം ബാധകം.
പൊതുമേഖലാ ബാങ്ക്
വായ്പകൾക്കും ബാധകം
സഹകരണ ബാങ്കുകളിലെ കാർഷിക വായ്പകൾ മാത്രമാണ് നിലവിൽ കടാശ്വാസ കമ്മിഷന്റെ പരിധിയിൽ.
വരുന്നത്. ഇനി മുതൽ പൊതുമേഖലാ- ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നെടുത്ത കാർഷിക വായ്പകളും ഇതിന്റെ പരിധിയിലുൾപ്പെടുത്തും. ഇതിന്റെ ഭാഗമായി പൊതുഭരണ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പൊതുമേഖലാ ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തും. കാർഷിക കടാശ്വാസ കമ്മിഷന്റെ പരിധിയിൽ പൊതുമേഖലാ- ഷെഡ്യൂൾഡ് ബാങ്കുകളെക്കൂടി ഉൾപ്പെടുത്തുന്നതിന് കഴിഞ്ഞ ആഴ്ച ചേർന്ന സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം അനുമതി നൽകിയിരുന്നു.
കൂടുതൽ കർഷകർക്ക് ആശ്വാസം
കടാശ്വാസ കമ്മിഷന്റെ പരിധി രണ്ട് ലക്ഷം രൂപ വരെയായി ഉയർത്തിയതോടെ വായ്പയെടുത്ത കൂടുതൽ കർഷകർക്ക് ആശ്വാസം ലഭിക്കും. ഇതുവരെ കാർഷിക കടാശ്വാസ കമ്മിഷൻ വഴി ആശ്വാസം നൽകാൻ സർക്കാരിന് 20 കോടി രൂപ മതിയായിരുന്നു. പരിധി ഉയർത്തിയതോടെ ഇതിന് 47 കോടിയിലധികം രൂപ വേണ്ടി വരും. ഇതിനായി ബഡ്ജറ്റിന് പുറത്ത് നിന്ന് കൂടുതൽ പണം വകയിരുത്തേണ്ടി വരും.