കോഴിക്കോട്: ശബരിമല യുവതിീപ്രവേശം തടയാൻ തത്കാലം നിയമനിർമ്മാണമില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.
'കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതമാണെന്നും. കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തിൽ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
ശബരിമലയിൽ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന് ഇപ്പോഴുള്ളത്. ഇതോടെ വിവാദങ്ങൾ അവസാനിച്ചതായും സമരങ്ങൾക്കുള്ള സാഹചര്യം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധിക്കെതിരെ കേന്ദ്ര സർക്കാർ ഓർഡിനന്‍സ് കൊണ്ടുവരാൻ മടിക്കുന്നുവെന്ന വാദം അജ്ഞത കൊണ്ടാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ആവശ്യപ്പെട്ടു. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാലാണ് നിയമമന്ത്രി അങ്ങനെ പറഞ്ഞത്. പാർലമെന്റിന് നിയമം ഉണ്ടാക്കാനാകും. ഇത്തരത്തിൽ എത്രയോ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിൽ ശശി തരൂർഎംപിയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കേന്ദ്രനിലപാട് വ്യക്തമാക്കിയത്.
ആചാരസംരക്ഷണത്തിന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കഴിഞ്ഞ ആഴ്ച ലോക്‌സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.ശബരിമലയിലെ ആചാരങ്ങൾ നിലനിറുത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രൻ അവതരിപ്പിച്ചത്.