rahul-gandhi

ന്യൂഡൽഹി :കോൺഗ്രസ് എന്നും എന്റെ ജീവരക്തമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നൂുള്ള രാജിക്കത്ത് പുറത്ത് വിട്ട് രാഹുൽ ഗാന്ധി. താനിപ്പോൾ കോൺഗ്രസ് അദ്ധ്യക്ഷനല്ലെന്ന് മാദ്ധ്യമ പ്രവര്‍ത്തകരോടു പറഞ്ഞതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി നാലു പേജുള്ള രാജിക്കത്ത് ട്വീറ്റ് ചെയ്തത്.

ഇന്ത്യയുടെ ജീവരക്തം കോൺഗ്രസ് മുന്നോട്ടുവച്ച മൂല്യങ്ങളും ആദർശങ്ങളുമാണെന്ന് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. കോൺഗ്രസിനെ സേവിക്കുകയെന്നത് ഒരു ബഹുമതിയാണ്. താൻ രാജ്യത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും രാജി നന്ദിയുടെയും സ്‌നേഹത്തിന്റെയും പ്രകടനമാണെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസിന്റെ പരാജയത്തിന് ഒട്ടേറെ ഉത്തരവാദികളുണ്ടെന്ന് രാഹുൽ രാജിക്കത്തിൽ പറയുന്നു. എന്നാൽ സ്വന്തം ഉത്തരവാദിത്തം ഏറ്റെടുക്കാതെ മറ്റുള്ളവരെ പഴി പറയുന്നതു നീതീകരിക്കാവുന്നതല്ല. പാർട്ടിയെ പുതുതായി കെട്ടിപ്പടുക്കുന്നതിന് കടുത്ത തീരുമാനങ്ങൾ അനിവാര്യമാണെന്നും രാജിക്കത്തിൽ പറയുന്നു.

പുതിയ പ്രസിഡന്റിനെ നിർദേശിക്കാൻ കോൺഗ്രസ് നേതാക്കൾ തന്നോട് ആവശ്യപ്പെട്ടതായി രാഹുൽ പറഞ്ഞു. എന്നാൽ അത്തരമൊരു നിർദ്ദേശം താൻ മുന്നോട്ടുവയ്ക്കുന്നതു ശരിയല്ല. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്ന് തീരുമാനങ്ങളെടുക്കുകയാണ് വേണ്ടത്.

രാഷ്ട്രീയ അധികാരത്തിനു വേണ്ടിയുള്ള പോരാട്ടമല്ല താൻ നടത്തിയത്. ബി.ജെ.പിയോട് വിദ്വേഷമില്ലെങ്കിലും അവർ ഉയർത്തുന്ന രാഷ്ട്രീയ ആശയത്തോട് ഓരോ അണുവിലും താൻ പോരാട്ടം തുടരും. കോൺഗ്രസിന് ആവശ്യമുള്ളപ്പോഴെല്ലാം തുടർന്നു തന്റെ സേവനം ലഭിക്കും. - രാഹുൽ പറയുന്നു.

അധികാരത്തിൽ തൂങ്ങിക്കിടക്കുക എന്നത് ഇന്ത്യയിലെ ഒരു ശീലമാണ്. ആരും അധികാരം ത്യജിക്കാൻ തയ്യാറാവില്ല. എന്നാൽ അധികാരത്തോടുള്ള അഭിലാഷം ഇല്ലാതാവാതെ നമുക്ക് എതിരാളികളെ തോൽപ്പിക്കാനാവില്ല. കൂടുതൽ ആഴത്തിലുള്ള ആശയപരമായ പോരാട്ടമാണ് നമുക്കു വേണ്ടത്-

''ഞാൻ ഒരു കോൺഗ്രസുകാരനായാണ് ജനിച്ചത്. ഈ പാർട്ടി എന്നും എന്നോടൊപ്പമുണ്ടായിരുന്നു. അതെന്റെ ജീവരക്തമാണ്. എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും''- രാജിക്കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

It is an honour for me to serve the Congress Party, whose values and ideals have served as the lifeblood of our beautiful nation.

I owe the country and my organisation a debt of tremendous gratitude and love.

Jai Hind 🇮🇳 pic.twitter.com/WWGYt5YG4V

— Rahul Gandhi (@RahulGandhi) July 3, 2019