asha-sarath

തന്റെ ഭർത്താവിനെ കാണാന്നില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട് നടി ആശാ ശരത്. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണം എന്ന് കേണപേക്ഷിക്കുകയാണ് നടി. ഇതുകണ്ട് ആദ്യം ഞെട്ടിയ ആരാധകർ അൽപ്പം കഴിഞ്ഞാണ് സംഭവത്തിലെ സത്യാവസ്ഥ മനസിലാക്കുന്നത്. ആരാധകർ മാത്രമല്ല സംവിധായകൻ രഞ്ജിത്ത് ശങ്കർ ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ പ്രമുഖരും ലൈവിന് പിന്നിലെ കാരണം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്.

'കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. 'എവിടെ' എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.’ ആശ ശരത്ത് തന്റെ ഫേസ്ബുക്ക് ലൈവിൽ പറയുന്നു.

സംഭവം സിനിമയുടെ പ്രമോഷനാണ്. തന്റെ പുതിയ ചിത്രമായ 'എവിടെ'യ്ക്ക് വേണ്ടിയാണ് ആശാ ശരതിന്റെ ഈ 'കടുംകൈ'. 'പേടിപ്പിച്ചു കളഞ്ഞല്ലോ' എന്ന് വീഡിയോയോട് പ്രതികരിച്ച ആരാധകർ സംഗതി അൽപ്പം കടന്നുപോയെന്നും വീഡിയോയ്ക്ക് താഴെ കമന്റിടുന്നുണ്ട്. നടിയുടെ വിലാപം കണ്ട് ഓടിയെത്തിയ പലരും വിചാരിച്ചത് ആശാ ശരത്തിന്റെ യഥാർത്ഥ ഭർത്താവിനെ കാണാതെ പോയെന്നാണ്‌. 'എവിടെ പ്രൊമോഷൻ' എന്ന് വീഡിയോയ്ക്ക് മുകളിലായി എഴുതിയിട്ടുണ്ടെങ്കിലും ഇത് പെട്ടെന്നാരും ശ്രദ്ധിച്ചില്ല. ഇത്തരം പ്രൊമോഷൻ ട്രിക്കുകൾ ഒഴിവാക്കണമെന്ന് പറഞ്ഞുകൊണ്ട് ആശാ ശരത്തിനെ ഉപദേശിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.