ന്യൂഡൽഹി: പശ്ചിമ ബംഗാളിന്റെ പേര് 'ബംഗ്ല' എന്നാക്കി മാറ്റണമെന്നുളള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം തള്ളി നരേന്ദ്ര മോദി സർക്കാർ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇങ്ങനെ സംസ്ഥാനത്തിന്റെ പേര് മാറ്റാൻ അനുവാദം നൽകിയിട്ടില്ല എന്നറിയിച്ചത്. പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റാൻ കേന്ദ്ര സർക്കാർ അനുമതി നൽകി എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
സി.പി.എം രാജ്യസഭ എം.പിയായ റിതബ്രത ബാനർജിയാണ് ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിയോട് വ്യക്തത തേടിയത്. പേര് മാറ്റണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമായി വരുമെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂലൈ 26നാണ് പശ്ചിമ ബംഗാളിന്റെ പേര് 'ബംഗ്ല' എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി ബംഗാൾ നിയമസഭ പ്രമേയം പാസാക്കുന്നത്. തുടർന്ന് ഈ പ്രമേയം മമത സർക്കാർ കേന്ദ്ര സർക്കാരിന്റെ അനുവാദത്തിനായി അയക്കുകയായിരുന്നു. പേരിന്റെ പ്രത്യേകത കാരണം കേന്ദ്ര സർക്കാർ പട്ടികകളിൽ താഴെയാണ് ബംഗാളിന് സ്ഥാനം നൽകുന്നതെന്ന് കാണിച്ചാണ് മമത ബാനർജി സർക്കാർ പഴയ പേര് മാറ്റാൻ തീരുമാനിക്കുന്നത്.
മാത്രമല്ല 'പശ്ചിമ ബംഗാൾ' എന്ന എന്ന പേര് കാരണം പാർലമെന്റിലും മറ്റും ബംഗാളിൽ നിന്നുമുള്ള എം.പിമാർക്ക് അവസാനം മാത്രമാണ് സംസാരിക്കാൻ അവസരം ലഭിക്കുന്നതെന്നും മമത ചൂണ്ടിക്കാട്ടിയിരുന്നു. 'ബംഗാൾ എം.പിമാർക്ക് അവസരം ലഭിക്കുമ്പോഴേക്കും സ്പീക്കർക്കും മറ്റ് സഭാ അംഗങ്ങൾക്കും താത്പര്യം നഷ്ടപെട്ടിരിക്കും' മമത ബാനർജി പറഞ്ഞിരുന്നു.