high-security-prison-open

തൃശൂർ: കൊടും കുറ്റവാളികളെ പാർപ്പിക്കുന്നതിന് വിയ്യൂരിൽ നിർമിച്ച അതിസുരക്ഷാ ജയിലിൽ, ഭീകരവാദവും രാജ്യദ്രോഹ കുറ്റവും ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന 55 പേരെ പാർപ്പിക്കുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ആദ്യ അന്തേവാസിയായി കൊലപാതകക്കുറ്റത്തിൽ ജീവപര്യന്തം തടവുകാരനായ അജിത് കുമാറിനെ പ്രവേശിപ്പിച്ചു.

അന്തേവാസികളുടെ രജിസ്റ്ററിൽ ഡി.ജി.പിയാണ് അദ്യത്തെയാളുടെ പേര് എഴുതിച്ചേർത്തത്. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനാണെങ്കിലും പുതിയ തടവുകാരനെത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് പുതിയ ജയിലിലേക്ക് മാറ്റിയത്. സംസ്ഥാനത്തെ ആദ്യത്തേതും രാജ്യത്തെ നാലാമത്തേതുമാണ് വിയ്യൂരിലെ അതിസുരക്ഷാ ജയിൽ. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം എന്നീ സെൻട്രൽ ജയിലുകളിലെ 55 പേരെയാണ് ഇവിടേക്ക് മാറ്റുക. ഏറ്റവും കൂടുതൽ പേർ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കുറവ് തിരുവനന്തപുരത്ത് നിന്നുമാണ്.
മൂന്ന് വർഷം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട ജയിൽ ചില സാങ്കേതിക കാരണങ്ങളാലാണ് ഇതേവരെ തുറക്കാതിരുന്നതെന്ന് ഡി.ജി.പി പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങൾ രണ്ട് ദിവസം കൊണ്ട് പരിഹരിച്ചു. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ജയിൽ മന്ദിരം. അന്തേവാസികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. മുറിയുടെ ഭാഗമായി ബാത്ത് റൂമും ഓരോ മുറിയിലും സി.സി ടിവിയുമുണ്ട്. കട്ടിലും നല്കിയിട്ടുണ്ട്. ഇവിടുത്തെ അന്തേവാസികളെയെല്ലാം തന്നെ വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും കോടതിയിൽ ഹാജരാക്കുക.