james-bond

ന്യൂയോർക്ക്: പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിൽ മതതീവ്രവാദിയുടെ വേഷം താൻ അഭിനയിക്കുകയില്ലാരുന്നുവെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടനും ഓസ്കർ ജേതാവുമായ റാമി മാലിക്ക്. മതത്തിന്റെ സ്വരൂപം കഥാപാത്രത്തിന് നൽകില്ല എന്ന സിനിമയുടെ സംവിധായകന്റെ ഉറപ്പിൻമേലാണ് താൻ സിനിമയിൽ വില്ലന്റെ വേഷം കൈകാര്യം ചെയ്യാൻ തീരുമാനിച്ചതെന്നും മാലിക്ക് പറഞ്ഞു. 'ദ മിറർ' എന്ന ടാബ്ലോയിഡ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മാലിക്കിന്റെ ഈ വെളിപ്പെടുത്തൽ.

ബോണ്ട് ചിത്രത്തിന്റെ സംവിധായകനായ കാരി ജോജി ഫുക്കുനാഗയോട് താൻ ഈ കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും ചിത്രത്തിലെ വില്ലനായ തീവ്രവാദി കഥാപാത്രത്തിന് മതത്തിന്റെ മാനം നൽകില്ല എന്ന് സംവിധായകൻ തനിക്ക് ഉറപ്പ് നൽകിയിരുന്നതായും മാലിക്ക് പറഞ്ഞു. കഥാപാത്രത്തെ കുറിച്ചുള്ള സംവിധായകന്റെ കാഴ്ചപ്പാട് എറെ വ്യത്യാസപ്പെട്ടതാണെന്നും വ്യത്യസ്തനായ തീവ്രവാദിയാണ് തന്റെ കഥാപാത്രമെന്നും മാലിക്ക് പറഞ്ഞു. 'ബൊഹീമിയൻ റാപ്സഡി' എന്ന ചിത്രത്തിൽ ഗായകൻ ഫ്രെഡി മെർക്കുറിയുടെ വേഷം അവതരിപ്പിച്ചതിനാണ് റാമി മാലിക്കിന് മികച്ച നടനുള്ള ഓസ്കർ ലഭിച്ചത്.

ഡാനിയൽ ക്രെയ്ഗ് നായകനാകുന്ന പുതിയ ജെയിംസ് ബോണ്ട് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും മികച്ച ബോണ്ട് എന്ന് പേരുകേട്ട ഡാനിയൽ ക്രെയ്ഗ് നായകനാകുന്ന അഞ്ചാമത്തെ ജെയിംസ് ബോണ്ട് ചിത്രമാണ് പുറത്തിറങ്ങാൻ തുടങ്ങുന്നത്. ഇതിന് മുൻപ് കസീനോ റൊയാൽ, ക്വാണ്ടം ഒഫ് സോളസ്, സ്‌കൈഫോൾ, സ്പെക്റ്റർ എന്നീ ചിത്രങ്ങളിലാണ് ക്രെയ്ഗ് ബോണ്ടിന്റെ വേഷത്തിൽ എത്തിയത്. പുതിയ ബോണ്ട് ചിത്രത്തിന് ഇനിയും പേരിട്ടില്ല.