ഡേറം: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ ന്യൂസിലാൻഡ് പതറുന്നു. ഇംഗ്ലണ്ട ഉയർത്തിയ 306 റൺസ് എന്ന ലക്ഷ്യത്തിന് മുന്നിൽ 15 ഓവർ പിന്നിടുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലാണ് ന്യൂസിലാൻഡ്. എട്ടുറൺസെടുത്ത മാർട്ടിൻ ഗുപ്ടിലും റണ്ണൊന്നുമെടുക്കാതെ നിക്കോളസും 27 റൺസോടെ വില്യംസണുമാണ് പുറത്തായത്.
വമ്പൻ സ്‌കോറിലേക്കു കുതിച്ച ഇംഗ്ലണ്ടിനെ 305 റൺസിൽ ഒതുക്കുകയായിരുന്നു കിവീസ് ബൗളർമാർ. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 305 റൺസാണ് ഇംഗ്ലണ്ട് നേടിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഈ ലോകകപ്പിൽ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ജോണി ബെയർസ്റ്റോയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഓപ്പണിംഗ് വിക്കറ്റിൽ ജേസൺ റോയ്ക്കൊപ്പം 123 റൺസാണ് ബെയർസ്റ്റോ കൂട്ടിച്ചേർത്തത്. 61 പന്തിൽ 60 റണ്‍സെടുത്ത റോയിയെ പുറത്താക്കി ജെയിംസ് നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ഒമ്പതാം ഏകദിന സെഞ്ചുറി കുറിച്ച ബെയർസ്‌റ്റോ 99 പന്തിൽ നിന്ന് 106 റൺസെടുത്താണ് പുറത്തായത്. നിലയുറപ്പിച്ച ഓപ്പണര്‍മാര്‍ രണ്ടുപേരും പുറത്തായതോടെ കിവീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു.