ന്യൂഡൽഹി: 'ആരുടെ മോനായാലും ധാർഷ്ട്യം പൊറുക്കില്ല, പുറത്താക്കുമെന്ന' പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത താക്കീതിന് പിന്നാലെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിജയ് വർഗീയയുടെ മകനും എം.എൽ.എയുമായ ആകാശ് വിജയ് വർഗീയയെ നിഷ്‌കരുണം തള്ളി ബി.ജെ.പി നേതൃത്വം. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മുനിസിപ്പൽ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ച സംഭവത്തിൽ ആകാശിനെതിരെ കടുത്ത നടപടിയെടുത്തേക്കും. ഇതിന് മുന്നോടിയായി സംഭവത്തിൽ വിശദീകരണം തേടി ആകാശിന് നോട്ടീസ് അയ്ക്കുമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് വ്യക്തമാക്കി. ആകാശ് ഇൻഡോർ നിയമസഭാംഗമായതിനാൽ പാർട്ടി മദ്ധ്യപ്രദേശ് യൂണിറ്റാണ് നോട്ടീസ് നൽകുക. അച്ചടക്ക നടപടിയെടുക്കുന്നതിന് മുമ്പ് ആകാശിന് എന്താണ് പറയാനുള്ളതെന്ന് അറിയട്ടെയെന്നാണ് നിലപാട്.

കഴിഞ്ഞ ബുധനാഴ്ചയാണ് സർക്കാർഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട്‌ ആകാശ് മർദ്ദിച്ചത്. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റുചെയ്തു. ജാമ്യത്തിലിറങ്ങിയ ആകാശിനെ വിജയ് വർഗീയയും കുടുംബാംഗങ്ങളും പാർട്ടിപ്രവർത്തകരും ചേർന്നു ആഘോഷത്തോടെ സ്വീകരിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഈ സംഭവങ്ങളാണ് പ്രധാനമന്ത്രിയെ പ്രകോപിപ്പിച്ചത്.

ആരുടെ മകനാണെങ്കിലും ഇത്തരം അധിക്ഷേപങ്ങളും അഹങ്കാരവും പെരുമാറ്റദൂഷ്യങ്ങളും പൊറുപ്പിക്കാനാകില്ലെന്ന് പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി തുറന്നടിച്ചിരുന്നു. ആകാശ് ജയിലിൽനിന്നിറങ്ങിയപ്പോൾ സ്വീകരണം നൽകിയവർക്കെതിരെയും നടപടിവേണമെന്ന് മോദി അഭിപ്രായപ്പെട്ടിരുന്നു.