ബംഗളുരു: ദക്ഷിണേന്ത്യ കൈപ്പിടിയിലൊതുക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ വീണ്ടും കളത്തിലിറങ്ങുന്നു. ഇക്കാര്യം ചർച്ച ചെയ്യാനും സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്താനുമായി അമിത് ഷാ ശനിയാഴ്ച തെലുങ്കാനയിലെത്തും. പാർട്ടിയുടെ ഈ വർഷത്തെ അംഗത്വ ക്യാംപയിൽ ഉത്‌ഘാടനം ചെയ്യുന്നതും അമിത് ഷാ ആയിരിക്കും. ഇതുകൂടാതെ ഹൈദരാബാദിലും അമിത് ഷാ പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തും.
അമിത് ഷായുടെ വരവോടെ തെലുങ്ക് ദേശം പാർട്ടിയിലെയും കോൺഗ്രസ്സിലെയും പ്രധാന നേതാക്കൾ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടികളുമായി തെറ്റി നിൽക്കുന്ന നേതാക്കളെയാകും ബി.ജെ.പിയിലേക് ആകർഷിക്കുക. ഇതിന് വേണ്ടിയുള്ള തന്ത്രങ്ങൾ ബി.ജെ.പി ശക്തമാക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി തെലുങ്ക് ദേശം പാർട്ടിയുടെ ആറ് രാജ്യസഭാ എം.പിമാരിൽ നാല് പേരെ ബി.ജെ.പി തങ്ങളോടൊപ്പം ചേർത്തിരുന്നു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ തിരിച്ചടി നേരിട്ടതോടെ ഇരു പാർട്ടികളുടേയും നേതാക്കന്മാർ ഉലഞ്ഞ് നിൽക്കുകയാണ്.
ആന്ധ്രയിലെയും തെലുങ്കാനയിലെയും നിരവധി തെലുങ്ക് ദേശം, കോൺഗ്രസ് നേതാക്കന്മാർ ബി.ജെ.പിയുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്ന് സൂചനയുണ്ട്. നേതാക്കളുടെ നിസ്സഹായാവസ്ഥ മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുക. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ടി.ആർഎസ്, വൈ.എസ്. ആർ കോൺഗ്രസ് അണികൾ തമ്മിൽ ആന്ദ്രയിൽ പലയിടത്തു വച്ചുമായി ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. ഇതും ബി.ജെ.പിക്ക് ഗുണകരമായി ഭവിക്കും.
മാത്രമല്ല നിരവധി തെലുങ്ക് ദേശം, കോൺഗ്രസ് നേതാക്കളുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെയും എൻഫോഴ്‌സ്‌മെന്റിന്റെയും റെയ്‌ഡുകൾ നടക്കുന്നുണ്ട്. നേതാക്കളെ തളർത്താൻ ബി.ജെ.പി നിർദ്ദേശപ്രകാരമാണ് ഈ റെയ്‌ഡുകൾ എന്ന് ആരോപണമുണ്ട്. ഇതും കൂടി ആയപ്പോൾ ബി.ജെ.പി സംരക്ഷണമില്ലാതെ നിലനിൽക്കാൻ ആകില്ല എന്ന ദുരിതത്തിൽ അകപ്പെട്ടിരിക്കുകയാണ് നേതാക്കൾ. 2024ൽ അധികാരം കൈയടക്കുക എന്ന ഒറ്റ ലക്ഷ്യം മുന്നിൽ വച്ചാണ് ബി.ജെ.പിയുടെ ഈ നീക്കങ്ങൾ.