കോതമംഗലം: കോതമംഗലം വടാട്ടുപാറയിൽ റബർ തോട്ടത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടത് പീഡനശ്രമം ചെറുത്തതിനെത്തുടർന്നെന്ന് പൊലീസ്. ബുധനാഴ്ച രാവിലെയാണ് റബർ തോട്ടത്തിൽ കഴുത്തറുത്ത നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ചിറക്കാട് മാത്യുവിന്റെ ഭാര്യ മേരിയാണ് (60) കൊല്ലപ്പെട്ടത്.
പീഡനശ്രമം ചെറുത്തതിനെ തുടർന്നാണ് വീട്ടമ്മയെ അയൽവാസി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. ടാപ്പിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ കുഞ്ഞുമുഹമ്മദ്. സംശയം തോന്നിയതിനെ തുടർന്ന് അയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്.
വീടിന് സമീപത്തുള്ള റബർ തോട്ടത്തിൽ റബർപാൽ ശേഖരിക്കാൻ പോയ മേരിയെ രാവിലെ 10 മണിയോടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും മേരി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് മാത്യു തെരഞ്ഞു ചെന്നപ്പോഴാണ് കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ മേരിയുടെ മൃതദേഹം കണ്ടെത്തിയത്.