ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മോയിത്ര ലോക്സഭയിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൻമേലുള്ള ചർച്ചയിലായിരുന്നു മഹുവ മോയിത്രയുടെ പ്രസംഗം . പ്രസംഗത്തിൽ ബി.ജെ.പിയിുടെ നയങ്ങൾക്കെതിരെയും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെക്കുറിച്ചും മഹുവ വിമർശിച്ചിരുന്നു. പ്രസംഗത്തിന് വൻസ്വീകരണമാണ് ലഭിച്ചത്.
എന്നാൽ മഹുവയുടെ പ്രസംഗം കോപ്പിയടിച്ചതാണെന്ന് ബി.ജെ.പി പ്രവർത്തകർ നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം നടന്നു. ഇപ്പോൾ ഈ ആരോപണങ്ങൾക്ക് മറുപടിയുമായി മഹുവ മോയിത്ര രംഗത്തെത്തി. എന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകാളായിരുന്നു അത്. ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണത് പങ്കുവച്ചത്. പ്രസംഗത്തിന് ലഭിച്ച പ്രതികരണം ആത്മാർത്ഥമായിരുന്നുവെന്നും മഹുവ പറഞ്ഞു.
എന്റെ പ്രസംഗത്തിന്റെ ഉറവിടങ്ങൾ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ചിന്തകൻ ഡോ. ലോറൻസ് ഡബ്ല്യു.ബ്രിട്ട് ഫാസിസം വരുന്നതിന് മുമ്പുള്ള 14 അടയാളങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ അതില്‍ ഏഴ് അടയാളങ്ങളെ ഞാൻ പ്രസംഗത്തിൽ ഉപയോഗിച്ചുള്ളൂവെന്നും മഹുവ പ്രസ്താവനയിൽ പറഞ്ഞു.
ഫാസിസം വരുന്നതിനുള്ള അടയാളമായി മഹുവ ചൂണ്ടിക്കാണിച്ച ഏഴ് അടയാളങ്ങൾ ഒരു ഇംഗ്ലീഷ് മാഗസിനിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രസിദ്ധീകരിച്ച ലേഖനത്തിൽനിന്ന് കോപ്പിടയിച്ചതാണെന്നാണ് പ്രധാന ആരോപണം.