മുംബയ് : അമ്പാട്ടി റായിഡുവിന്റെ വിരമിക്കൽ പ്രഖ്യാപത്തൽ ഇന്ത്യൻ ടീം സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഓപ്പണറും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. സെലക്ടർമാർ അഞ്ച് പേരുടേയും റൺസ് കൂട്ടിയാലും റായിഡുവിന്റെ റൺസിനൊപ്പമെത്തില്ലെന്നും ഗംഭീർപറഞ്ഞു.
” ഈ ലോകകപ്പിൽ സെലക്ടർമാർ പൂർണ പരാജയമാണ്. റായിഡുവിന്റെ വിരമിക്കൽ തീരുമാനത്തിനിടയാക്കിയത് സെലക്ടർമാരാണ്. റായിഡു കരിയറിലുണ്ടാക്കിയ റൺസ് അവർ അഞ്ച് പേരുടേയും റൺസുകൾ കൂട്ടിയാൽ പോലും എത്തില്ല. ഈ വിരമിക്കൽ തീരുമാനത്തിൽ ഞാൻ വളരെ ദുഖിതനാണ്. ഋഷഭ് പന്തും മായങ്ക് അഗർവാളും ലോകകപ്പ് ടീമിലെത്തുമ്പോൾ റായിഡുവിന്റെ സ്ഥാനത്ത് ആരായാലും വിഷമം തോന്നുമെന്നും ഗംഭീർ പറഞ്ഞു.
രാജ്യത്തിനു വേണ്ടിയും ഐ.പി.എല്ലിലും വളരെ നന്നായി കളിച്ച താരം, മൂന്ന് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും നേടിയിട്ടും വിരമിക്കേണ്ടി വരുന്നത് ഇന്ത്യൻ ക്രിക്കറ്റിന് തന്നെ വിഷമകരമായ നിമിഷമാണെന്ന് ഗംഭീർ കൂട്ടിച്ചേർത്തു.
പിന്നാലെ വീരേന്ദർ സെവാഗും റായിഡുവിന്റെ വിരമിക്കലിൽ പ്രതികരണവുമായെത്തി. ലോകകപ്പ് ടീമില്‍ എടുക്കാതിരുന്നത് റായിഡുവിനെ വളരെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് സെവാഗ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വീരു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ലോകകപ്പ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അമ്പാട്ടി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലും ഇനി മുതൽ അമ്പാട്ടി റായിഡു ഉണ്ടാകില്ല.