കുട്ടികളുണ്ടാകാത്തത് കൊണ്ട് തനിക്ക് നേരിടേണ്ടി വന്ന പലവിധമായ ചോദ്യങ്ങളെക്കുറിച്ച് ഈയിടെയാണ് നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ കുഞ്ചാക്കോ മനസ് തുറന്നത്. തന്റെ ഗർഭധാരണത്തെ കുറിച്ച് പുറത്തുള്ളവരുടെ ആകാംഷ കാരണം വിവാഹ ചടങ്ങുകൾ പോലുള്ള പൊതുപരിപ്പാടികളിൽ നിന്നുവരെ തനിക്ക് മാറി നിൽക്കേണ്ടി വന്നതായി പ്രിയ വെളിപ്പെടുത്തി. ഈ ചോദ്യങ്ങൾ കാരണം പലപ്പോഴും തനിക്ക് മാറി നിന്ന് കരയേണ്ടി വന്നതായും ഇവർ ഓർമിക്കുന്നുണ്ട്.
ഒരു സിനിമാ താരത്തിന്റെ ഭാര്യ ആയിരുന്നിട്ട് പോലും ഇത്തരം അപമാനകരമായ ചോദ്യങ്ങൾ പ്രിയയെ വിട്ടുപോയില്ല. അർഹിക്കുന്നവർക്ക് മാത്രമാണ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് എന്ന രീതിയിലുള്ള ഹീനമായ കമന്റുകൾ പോലും പ്രിയ കേൾക്കേണ്ടി വന്നു. പതിനാല് വർഷത്തിന് ശേഷം ഒരു കുഞ്ഞ് ജനിച്ചപ്പോൾ അത്തരം ചോദ്യങ്ങളിൽ നിന്നും രക്ഷ നേടിയെന്നോർത്ത് പ്രിയ ആശ്വസിച്ചിട്ടുണ്ടാകും.
ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല. പ്രിയക്ക് മാത്രമല്ല, പ്രശസ്തരായ, തങ്ങളുടെ തൊഴിൽ മേഖലയിൽ കഴിവ് തെളിയിച്ച, ഐശ്വര്യ റായ്, സാമന്ത എന്നീ നടിമാർക്ക് പോലും പ്രിയ നേരിട്ട അതേ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. വിവാഹം കഴിച്ച പല സ്ത്രീകളും ഒരു ഘട്ടത്തിൽ അല്ലെങ്കിൽ വേറൊരു ഘട്ടത്തിൽ ബന്ധുക്കളിൽ നിന്നോ അയൽക്കാരിൽ നിന്നോ ചിലപ്പോഴൊക്കെ സുഹൃത്തുക്കളിൽ നിന്നോ നേരിടേണ്ടി വന്ന അങ്ങേയറ്റം അരോചകമായ ഒരു ചോദ്യമാണ് 'വിശേഷമൊന്നുമായില്ലേ?' എന്നത്. ഇത് പലപ്പോഴും രഹസ്യമായിട്ടൊന്നുമായിരിക്കില്ല ഇവർ ചോദിക്കുക.
എല്ലാവരുടേയും മുൻപിൽ വച്ച് എന്തോ നാട്ടുവിശേഷം ചോദിക്കുകയാണ് എന്ന ഭാവേനയാണ് ഈ ചോദ്യം വരിക. പലപ്പോഴും ഈ ചോദ്യം നേരിടുന്ന സ്ത്രീകൾ നിന്നിടത്ത് നിന്ന് പരുങ്ങുകയും അവിടുന്ന് എങ്ങനെയെങ്കിലും ഓടി രക്ഷപെടാനുമാണ് ശ്രമിക്കുക. ഈ ചോദ്യം, സ്ത്രീകൾക്ക് പ്രത്യേകിച്ച്, മാനസിക സമ്മർദ്ദവും അപമാനവും ഉണ്ടാക്കുന്ന ഒന്നാണ്. സ്ത്രീകൾ തന്നെയാണ് ഇക്കാര്യം ഏറ്റവും കൂടുതൽ ചോദിക്കുന്നത് എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത.
സ്ത്രീകളെന്നാൽ പ്രസവിക്കാൻ മാത്രമായി ജനിച്ചവരെന്നാണ് ഈ ചോദ്യം തൊടുത്തുവിടുന്നവരുടെ പൊതുവേയുള്ള വിചാരം. എത്രയൊക്കെ ജീവിതവിജയം നേടിയ സ്ത്രീയാണെങ്കിലും സ്വന്തം കാലിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നവളാണെങ്കിലും അവളുടെ പ്രത്യുത്പാദന ശേഷി വച്ചാണ് മലയാളി സമൂഹം അവളെ അളക്കുന്നത്. ഒരു 30 വയസൊക്കെ കഴിഞ്ഞ സ്ത്രീയാണ് എങ്കിൽ ചോദ്യങ്ങളുടെ മൂർച്ച പതിന്മടങ്ങ് കൂടും. അധിക കാലം യവ്വനം നിലനിൽക്കില്ലെന്നും എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കണം എന്നുമുളള ഉപദേശമാകും ഇവർക്ക് ലഭിക്കുക.
വിവാഹം കഴിഞ്ഞ് ഏറെ നാൾ കഴിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകാത്ത സ്ത്രീകൾ ആണെങ്കിൽ 'മച്ചി' എന്നും മറ്റുമുള്ള ക്രൂരമായ വിശേഷണങ്ങൾ തങ്ങൾക്ക് മേൽ വന്ന് പതിക്കുന്നതും സഹിക്കേണ്ടതായി വരും. പുരുഷന്മാർക്ക് നേരെയും ഈ ചോദ്യം വരാറുണ്ട്. പക്ഷെ സ്ത്രീകൾക്ക് നേരെ ഉള്ളത് പോലെ അത് അത്ര രൂക്ഷമല്ല. രസകരമായ വസ്തുത പുരുഷന്മാർക്ക് മേൽ ഇക്കാര്യത്തിൽ മിക്കപ്പോഴും കുറ്റം വരാറില്ല. പ്രസവിക്കാതിരുന്നാൽ മലയാളി സമൂഹത്തിന്റെ കണ്ണിൽ ഇപ്പോഴും കുറ്റക്കാരി സ്ത്രീ തന്നെയാണ്. സത്യം ചിലപ്പോൾ അതല്ലെങ്കിലും.
ഇങ്ങനെയുള്ള ചോദ്യങ്ങൾ ഇനിയെങ്കിലും അവസാനിക്കേണ്ടതാണ്. സ്ത്രീ ഇന്ന് സ്വന്തം നിലയിൽ സമ്പാദിച്ച് തന്റെയും കുടുംബത്തിന്റെയും കാര്യം നോക്കുന്നവളാണ്. കുഞ്ഞുങ്ങളെ പ്രസവിച്ച് ജീവിക്കുക മാത്രമാണ് അവളുടെ ധർമ്മം എന്ന ചിന്ത അങ്ങേയറ്റം സ്ത്രീവിരുധമാണ് എന്ന് മലയാളികൾ മനസിലാക്കേണ്ടതുണ്ട്. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികൾ ഉണ്ടാകാത്ത ദമ്പതിമാരെ ഇനിയെങ്കിലും വെറുതെ വിടുക. അവർക്ക് അവരുടെ ജീവിതമുണ്ട്. നിങ്ങൾക്ക് നിങ്ങളുടേതും.