മൃതദേഹങ്ങൾ നാം കരുതുന്നതുപോലെ മൃതമായ ശരീരങ്ങൾ മാത്രമല്ല. നിഗൂഢമായ പലതും ഒരു മൃതദേഹത്തിന് പറയാനുണ്ടാകും. അല്ലെങ്കിൽ അതിൽ നിന്ന് കണ്ടെത്താനാകും. കൊലപാതകം ആത്മഹത്യയാകുന്നതും ആത്മഹത്യ കൊലപാതകമാകുന്നതുമെല്ലാം അങ്ങനെയാണ്. കുറ്റാന്വേഷണ രംഗത്ത് ഫോറൻസിക് മെഡിസിൻ എന്ന ശാസ്ത്രശാഖയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. കേരളം ആ രംഗത്ത് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ഇന്ന് അന്തരിച്ച ഫോറൻസ് ക് സർജൻ ഡോ. ബി.ഉമാദത്തൻ.
പൊലീസ് സർജൻ എന്ന നിലയിൽ ഫോറൻസിക് മെഡിസിൻ രംഗത്തെ എല്ലാസാദ്ധ്യതകളും പ്രയോജനപ്പെടുത്തിയ വ്യക്തിയായിരുന്നു ഉമാദത്തൻ എന്നു പറയാം. സത്യസന്ധമായും ആത്മാർത്ഥമായും ജോലി ചെയ്തു എന്നു മാത്രമല്ല, തന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും അദ്ദേഹം രസകരമായും കൗതുകകരമായും രേഖപ്പെടുത്തുകയും ചെയ്തു. കുറ്റാന്വേഷണത്തിന്റെ വൈദ്യശാസ്ത്രം, ക്രൈം കേരളം, ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ, അവയവ ദാനം-അറിയേണ്ടതെല്ലാ തുടങ്ങിയ പുസ്തകങ്ങളിലൂടെയും കുറ്റാന്വേഷണ സംബന്ധമായ നിരവധി ലേഖനങ്ങളിലൂടെയും കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രമാണ് ഉമാദത്തൻ രേഖപ്പെടുത്തിയത്.
മൃതദേഹത്തിൽ നിന്നുമാണ് കേരളത്തെ ഞെട്ടിച്ച പ്രമാദമായ പല കൊലക്കേസുകളുടെയും അന്വേഷണം ഡോ.ഉമാദത്തൻ തുടങ്ങുന്നത്. കൊലപാതകമോ ആത്മഹത്യയോ ആകാം. അപകടമരണമോ ഒറ്റപ്പെട്ട യാദൃഛികമായ മരണമോ ആകാം. മൃതദേഹം കാണപ്പെടുന്നതോടെ കുടുംബം ഉണരുന്നു. സമൂഹം ഉണരുന്നു. നീതിപീഠവും സർക്കാരും ഉണരുന്നു. അതോടെ ഡോക്ടറുടെ ജോലി തുടങ്ങുകയായി.
ജീർണിച്ചു തുടങ്ങിയ, അടുത്തു ചെല്ലാൻ അറപ്പുതോന്നിക്കുന്ന മൃതദേഹങ്ങളിൽ നിന്ന് കേസന്വേഷണത്തിനുള്ള തെളിവുകൾ ശേഖരിക്കുന്നതിൽ നിന്നുമാണ് ഒരു പൊലീസ് സർജന്റെ ജോലി ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഷയിൽ പറയുമ്പോൾ ഓരോ മൃതദേഹവും കുറെയധികം തെളിവുകൾ അവശേഷിപ്പിക്കുന്നുണ്ട്. അവ മനസുലാക്കുകയും തെളിവുകളെ മനുഷ്യരുമായി ബന്ധിപ്പിച്ച് വിശ്വാസനീയ സാഹചര്യങ്ങളിലേക്ക് കൊണ്ടുപോകുകയുമാണ് ഡോക്ടർ ചെയ്യുന്നത്. മൃതദേഹം സംസാരിക്കുന്നത് കൃത്യമായി, സൂക്ഷ്മമായി മനസിലാക്കുക എന്നതാണു ഫോറൻസിക് സർജന്റെ കഴിവ്. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂർ സോമൻ കേസ്, റിപ്പർ കൊലപാതകങ്ങൾ, അഭയാ കേസ് എന്നീ കുപ്രസിദ്ധ കേസുകളിലെല്ലാം ഉമാദത്തൻ നിർണായക പങ്കുവഹിച്ചു. ഫൊറൻസിക് മെഡിസിൻ സാദ്ധ്യതകൾ ഉപയോഗിച്ച് അദ്ദേഹം നടത്തിയ ഇടപെടലുകളാണ് പല കേസുകൾക്കും തുമ്പുണ്ടാക്കിയത്..
ശാസ്ത്രീയമായ രീതിയിൽ കേസുകൾ തെളിയിക്കുന്നതിൽ ഡോ. ഉമാദത്തന്റെ കഴിവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഉമാദത്തന്റെ അഗാധമായ അറിവിന് തിളക്കം കൂട്ടിയത് അദ്ദേഹത്തിന്റെ ആഴത്തിലുള്ള വായനയായിരുന്നു. ഇന്റർനെറ്റ് വിപ്ളവത്തിന് തുടക്കം കുറിക്കുന്നതിനും എത്രയോ മുൻപു തന്നെ ലോകത്തെ പലതരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പലതും ഉമാദത്തന്റെ കൈവശമുണ്ടായിരുന്നു. തന്റെ പുസ്തകങ്ങളിൽ ഉമാദത്തൻ അവ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്രകൃത്യങ്ങളെക്കുറിച്ചുള്ള തന്റെ അറിവ് നിരന്തരം പുതുക്കി നിലനിറുത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വ്യത്യസ്തതരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അഗാധമായ ഈ അറിവാണ് കേസുകൾ തെളിയിക്കുന്നതിൽ അദ്ദേഹത്തെ സഹായിച്ചിരുന്നത്.
സാധാരണ നിലയിൽ ഒരു കേസ് പൊലീസ് അന്വേഷിച്ചതിന് ശേഷമാണ് ശാസ്ത്രീയമായി തെളിയിക്കാനായി തെളിവുകൾ ഫോറൻസിക് വിഭാഗത്തിന് കൈമാറിയിരുന്നത്. എന്നാൽ ഫോറൻസിക് വിഷയത്തിലുള്ള ഉമാദത്തന്റെ താത്പര്യം കാരണം പല കേസുകളിലും അന്വേഷണത്തിനും അദ്ദേഹം അനുഗമിക്കുമായിരുന്നു.
ഉമാദത്തന്റെ 'ഒരു ഫോറൻസിക് സർജന്റെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ നിന്നും സംവിധായകൻ കെ.എം. നിഷാദിന് ഒരു സിനിമയ്ക്കാവശ്യമായ വിഷയം ലഭിച്ചു. തൃശ്ശൂരിലെ ഒരു സൂപ്പർ മാർക്കറ്റ് ഉടമയുടെ മരണവുമായി ബന്ധപ്പെട്ടതായിരുന്നു വിഷയം. അത് സിനിമയാക്കണമെന്ന് ഉമാദത്തൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. നിഷാദ് അതുമായി കുറേദൂരം മുന്നോട്ടു പോവുകയും ചെയ്തു. എന്നാലത് നടന്നില്ല.