congress-

ന്യൂഡൽഹി ∙ ഗുജറാത്തിൽ വെള്ളിയാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ എം.എൽ.എമാരെ സംസ്ഥാനത്ത് നിന്ന് മാറ്റി കോൺഗ്രസ് നേതൃത്വം. രാജ്യസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസിന്റെ ഈ നീക്കം. എം.എൽ.എമാരെ ചാക്കിട്ടു പിടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.

രാജസ്ഥാനിലെ മൗണ്ട് അബുവിലേക്കാണ് എം.എൽ.എമാരുമായി കോൺഗ്രസ് നേതൃത്വം മാറിനിൽക്കുന്നത്. ആകെ 71 എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്. ഇതിൽ അൽപേഷ് ഠാക്കൂറും ധാവൽസിംഗ് സാലയും പാർട്ടിയുമായി ഭിന്നതയിലാണ്.

ഹിമന്ത്സിംഗ് പപട്ടേലും ഇമ്രാൻ ഖേഡവാലയും ഷായ്‌ലേഷ് പർമറും ജഗന്നാഥ യാത്ര അവരുടെ മണ്ഡലത്തിലൂടെ വരുന്നതിനാൽ രാജസ്ഥാനിലേക്കു വന്നിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് ഡോഷി പറഞ്ഞു. ഞങ്ങളുടെ തന്നെ സർക്കാരാണ് രാജസ്ഥാനിലുള്ളത്. അതിനാൽ തന്നെ അവിടെ പ്രാദേശികമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ഒ.ബി.സി നേതാവ് ജുഗൽ താക്കൂർ തുടങ്ങിയവർ ബി.ജെ.പിക്കു വേണ്ടിയും മുൻ എം.എൽ.എ ചന്ദ്രിക ചുഡസാമ, ഗൗരവ് പാണ്ഡ്യ തുടങ്ങിയവർ കോൺഗ്രസിനുവേണ്ടിയുമാണ് മൽസരിക്കുന്നത്. അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതിനെ തുടർന്നുണ്ടായ സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്.