ബംഗളുരു: ദളിത് വിഭാഗത്തിൽപെട്ട വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയ അഞ്ച് എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് ഇവർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
പുത്തൂർ വിവേകാനന്ദ കോളേജ് വിദ്യാർഥികളായ ബജത്തൂർ ,ഖാണത സ്വദേശി ഗുരുനന്ദൻ, ബണ്ട്വാൾ പെർണ രാജശ്രീ കൃപയിലെ പ്രജ്വാൾ, പെർണ കഡംബുവിലെ കിഷൻ, പുത്തൂർ ആര്യാപ്പു പിലിഗുണ്ടെയിലെ സുനിൽ , ബണ്ട്വാൾ ബരിമാർ ബല്ല്യയിലെ പ്രഖ്യാത് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്‌തത്. വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്.
മാർച്ചിലാണ് സംഭവം നടന്നത്. കോളേജ് വിട്ടു വരികയായിരുന്ന പെൺകുട്ടിയെ സുനിൽ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഇടക്ക് വഴിയിൽ വച്ച് മറ്റ് പ്രതികളും ഇവർക്കൊപ്പം ചേർന്നു. ഇതിനു ശേഷം ആൾപ്പാർപ്പില്ലാത്ത ഒരിടത്ത് കാർ നിർത്തിയ ശേഷമായിരുന്നു പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചത്.
ഇതിനിടെ പ്രതികളായിലൊരാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ മയക്കുമരുന്ന് പെൺകുട്ടിക്കും നൽകിയിരുന്നോ എന്ന കാര്യം കർണാടക പൊലീസ് അന്വേഷിച്ച് വരികയാണ്.
ഏതാനും ദിവസങ്ങളായി പീഡനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പെൺകുട്ടി അധികം വൈകാതെ പൊലീസിന് പരാതി നൽകി. . ദൃശ്യങ്ങൾ കൈവശം വയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.