hafiz-said

ലാഹോർ: 26 / 11 മുംബയ് തീവ്രവാദ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയ്ദിനെതിരെ കേസെടുത്ത് പാകിസ്ഥാൻ ഭരണകൂടം. ഹാഫിസ് സയ്ദിനെതിരെയും അയാളുടെ 12 കൂട്ടാളികൾക്കെതിരെയും 23 കേസുകളാണ് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ വകുപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തീവ്രവാദത്തിന് സാമ്പത്തികസഹായം നൽകി എന്ന കുറ്റത്തിനാണ് ഹാഫിസ് സയ്ദിനും കൂട്ടാളികൾക്കും എതിരെ കേസ് എടുത്തിരിക്കുന്നത്. 'ജമാത്ത് ഉദ്ധവ' എന്ന ഭീകരസംഘടനയുടെ തലവനാണ് ഹാഫിസ് സയ്ദ്.

പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ നിയമം അനുസരിച്ചാണ് ഇവർക്കെതിരെ ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. ഭീകരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പാകിസ്ഥാന് മേൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദം ഉണ്ടായിരുന്നു. പാകിസ്ഥാനിലെ ലാഹോർ, ഗുജ്റാൻവാല, മുൽത്താൻ എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് ഹാഫിസിന്റെ ഭീകര സംഘടന പ്രവർത്തനം നടത്തിയിരുന്നത്.

ധർമസ്ഥാപനങ്ങളുടെ മറവിൽ ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്കായുള്ള പണം ശേഖരിച്ച് അക്രമണങ്ങൾ നടത്തിവരികയായിരുന്നു . ഹാഫിസിന്റെ സംഘടനയെ പാകിസ്ഥാൻ നിരോധിച്ച സംഘടനകളുടെ പട്ടികയിലും പെടുത്തിയിട്ടുണ്ട്. 2008ലാണ് മുംബയിലെ താജ്‌ ഹോട്ടലിൽ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ബോംബ് ആക്രമണവും വെടിവയ്പ്പും നടന്നത്. ഇതിനെ തുടർന്ന് ഹാഫിസ് സയ്ദിന്റെ തലയ്ക്ക് 10 മില്ല്യൺ ഡോളർ അമേരിക്ക വാഗ്‌ദാനം ചെയ്തിരുന്നു.