തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ കെ.എസ്.യുക്കാരെ പൊലീസ് തല്ലിയൊതുക്കി. ലാത്തികൊണ്ട് തലയ്ക്കടിച്ചാണ് വിദ്യാർത്ഥികളെ പൊലീസ് നേരിട്ടത്. വിദ്യാർത്ഥിനികളോടും പൊലീസ് ദയ കാട്ടിയില്ല.
ഉച്ചയ്ക്ക് 12.30ഓടെ പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോൾ തന്നെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. ജലപീരങ്കിക്ക് പുറമേ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചാണ് പൊലീസ് സമരക്കാരെ നേരിട്ടത്. ഒന്നര മണിക്കൂറോളം നീണ്ട സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. 18 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത് 12.30 ഓടെയാണ്. ഉദ്ഘാടനത്തിന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എത്തുന്നതിന് മുമ്പ് തന്നെ പ്രവർത്തകർ ബാരിക്കേഡുകളിൽ പിടിമുറുക്കിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് നേതാക്കൻമാർ പോയശേഷം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും തള്ളിക്കയറാനും ശ്രമിച്ചു. സമരക്കാരെ ചെറുക്കാൻ പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് മൂന്നുതവണ കണ്ണീർവാതകവും പ്രയോഗിച്ചു. പ്രകോപിതരായ പ്രവർത്തകർ പൊലീസിന് നേരെ കല്ലും കുപ്പികളും കമ്പുകളും എറിഞ്ഞു. ഇതോടെയാണ് പൊലീസ് ലാത്തിച്ചാർജ് തുടങ്ങിയത്. പൊലീസിന്റെ തലങ്ങും വിലങ്ങുമുള്ള അടിയിൽ പ്രവർത്തകർ ചിതറിയോടി. ഗതാഗതം സ്തംഭിച്ചു. ഒരു വശത്ത് അടി തുടരുമ്പോൾ മറുവശത്ത് പരിക്കേറ്റവരെ ആംബുലൻസിലെത്തിക്കുകയായിരുന്നു.
അടിയിൽ ലാത്തികൾ പൊട്ടി
കലിയടങ്ങാതെയുള്ള പൊലീസിന്റെ അടിയിൽ നിരവധി ലാത്തികളാണ് പൊട്ടിയത്. നിലത്ത് വീണുകിടക്കുന്ന ലാത്തിയുടെ ഭാഗങ്ങൾ കെ.എസ്.യു പ്രവർത്തകർ മാദ്ധ്യമപ്രവർത്തകരെ കാണിച്ചു. അതിനും കിട്ടി പൊലീസിന്റെ വക അടി. പലരുടെയും തലയ്ക്കാണ് പരിക്കേറ്റത്. വനിതാ പൊലീസ് നോക്കിനിൽക്കെ പെൺകുട്ടികൾക്കും പുരുഷ പൊലീസിന്റെ അടികിട്ടിയെന്ന് നേതാക്കൻമാർ പറയുന്നു.
ട്രാഫിക് നിയന്ത്രണം ഭാഗികം, വലഞ്ഞ് ജനം
സംഘർഷമുണ്ടാകുമെന്ന് നേരത്തേ സൂചന കിട്ടിയിട്ടും ഭാഗികമായ ട്രാഫിക് നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തിയത്. പ്രതിഷേധ സമയത്ത് റോഡിന്റെ ഒരുവശം മാത്രം നിയന്ത്രിച്ച് മറുഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിടുന്നുണ്ടായിരുന്നു.
സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ മറുഭാഗത്ത് വാഹനങ്ങളുണ്ടായിരുന്നു. പ്രവർത്തകർ വാഹനങ്ങൾക്കിടയിലൂടെയാണ് ചിതറിയോടിയത്.