തിരുവനന്തപുരം: പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ കുംഭാഭിഷേക ചടങ്ങുകൾ നാളെ ആരംഭിക്കും. ഇപ്പോഴത്തെ താത്കാലിക വാതിൽ അടച്ച ശേഷം വടക്കു വശത്ത് നിർമ്മാണം പൂർത്തിയായ പുതിയ കവാടത്തിലൂടെയാകും ദർശനത്തിനെത്തുന്നവരെ പ്രവേശിപ്പിക്കുക. 10 ന് രാത്രി വരെ നിലവിലെ ബാലാലയ ക്ഷേത്രത്തിലാകും ദർശനം. 10 ന് രാവിലെ ദർശനം അനുവദിച്ച ശേഷം പിന്നെ ദർശന സൗകര്യം പുനഃപ്രതിഷ്ഠാ ദിനമായ പതിനൊന്നിന് വൈകിട്ടു മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.
11ന് രാവിലെ 11 നും 11.40നും മദ്ധ്യേയാണ് പ്രതിഷ്ഠ. അന്ന് രാവിലെ 8 മുതൽ അധിവാസത്തിൽ ഉഷപൂജ, മരപ്പാണി, മുളപൂജ എന്നിവയ്ക്കു ശേഷമാകും പ്രതിഷ്ഠാ ചടങ്ങ്. കുംഭാഭിഷേകത്തിനു ശേഷം ഉച്ചപൂജയും പ്രസാദ വിതരണവും ഉണ്ടാകും. രാത്രി 7ന് മുളപൂജ, ചെണ്ട, നാഗസ്വരം, പഞ്ചവാദ്യം, അത്താഴപൂജ എന്നിവ ഉണ്ടാകും. ശേഷം പ്രസാദവിതരണവും. രാവിലെ ചടങ്ങുകൾ നടക്കുമ്പോൾ ക്ഷേത്രത്തിനു സമീപത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ലെങ്കിലും ഗോപുരത്തിനകത്തു നിന്നും വീക്ഷിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പാർക്കിംഗിനുള്ള ക്രമീകരണം ട്രാഫിക് പൊലീസ് ഏർപ്പെടുത്തും.
നാളെ രാത്രി 7ന് ഗണപതിപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ആചാര്യവരണം, പ്രാസാദശുദ്ധി ക്രിയകൾ, പ്രാസാദ പരിഗ്രഹം, അസ്ത്രകലശപൂജ, രഘോഘ്നഹോമം, വാസ്തുഹോമം, കലശം, മുളയിടൽ, വാസ്തുബലി, വാസ്തുപുണ്യാഹം, അത്താഴപൂജ എന്നിവ ഉണ്ടാകും. ക്ഷേത്രതന്ത്രി ദേവനാരായണൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. 16ന് രാവിലെ 8ന് 1008 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ അവസാനിക്കുക. വടക്കേനടയിലെ കവാടത്തിന്റെ നിർമ്മാണം പൂർത്തിയായി. ഗണപതി ശില്പങ്ങളും മ്യൂറൽ പെയിന്റിംഗും കൊണ്ടു മനോഹരമാണ് കവാടം. ഇതിനടുത്തായി പാദരക്ഷാ കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.
പ്രധാനഗോപുരം സെപ്തംബർ മദ്ധ്യത്തോടെ
കിഴക്കേനടയിലെ പ്രധാനഗോപുരത്തിന്റെ നിർമ്മാണം സെപ്തംബർ പകുതിയോടെ മാത്രമേ പൂർത്തിയാകൂ. കോൺക്രീറ്റിലാണ് ഘടനാനിർമ്മാണമെങ്കിലും ബാക്കിയെല്ലാം തടിയിലാണ്. പ്രധാന ക്ഷേത്രത്തിന്റെ മാതൃകയിലാകും നിർമ്മാണം. കേരളീയ വാസ്തുശില്പഭംഗി വിളിച്ചോതുന്ന വിധത്തിൽ മൂന്നു കോടിയോളം രൂപ ചെലവിട്ടാണ് ഗോപുരം നിർമ്മിക്കുക. നേരത്തെ ഉണ്ടായിരുന്ന ഗോപുരം തമിഴ്നാട് ശൈലിയിലുള്ളതായിരുന്നു.
തേങ്ങയുടയ്ക്കാൻ ക്രമീകരണം
തേങ്ങയുടയ്ക്കാൻ എത്തുന്നവർ 15വരെ ഇപ്പോഴുള്ള സ്ഥലത്തു തന്നെ അതു നിർവഹിക്കണമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. 16 മുതൽ പുതിയ ക്ഷേത്രത്തിന്റെ നടയിൽ സജ്ജീകരിച്ചിട്ടുള്ള കല്ലിൽ ഉടയ്ക്കാം.
പുനഃപ്രതിഷ്ഠാപൂജകൾ ജൂലായ് 5 മുതൽ 16 വരെ
പുനഃപ്രതിഷ്ഠാ മുഹൂർത്തം 11ന് 11 നും 11.40നും മദ്ധ്യേ
ആചാര്യൻ ക്ഷേത്രതന്ത്രി ദേവനാരായണൻ പോറ്റി
ഗോപുരനിർമ്മാണ ബഡ് ജറ്റ് 3 കോടി
10നും 11നും ക്ഷേത്രദർശനത്തിന് നിയന്ത്രണം