തിരുവനന്തപുരം: മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് 2005 ജൂലായ് അഞ്ചിന് വിടചൊല്ലിയ യുവ സാഹിത്യകാരൻ ഡോ. സി.പിന്റോയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന സംവാദ പരമ്പര നാളെ വൈകിട്ട് 5.30ന് മസ്ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ. 'ആരാണ് ഇന്ത്യക്കാർ, അവർ എവിടെ നിന്നു വരുന്നു?' എന്ന ചോദ്യമാണ് പതിന്നാലാമത് പിന്റോ പ്രഭാഷണത്തിന്റെ വിഷയം. ബെസ്റ്റ് സെല്ലറായ 'ഏർലി ഇന്ത്യൻസ്' എന്ന പുസ്തകത്തിന്റെ രചയിതാവും പത്രപ്രവർത്തകനുമാണ് പ്രഭാഷണം നടത്തുന്ന ടോണി ജോസഫ്. പി.എസ്. സി. അംഗം ആർ. പാർവതി ദേവി അദ്ധ്യക്ഷത വഹിക്കും. റീജിയണൽ കാൻസർ സെന്റർ സൂപ്രണ്ട് ഡോ.എ. സജീദ് , പിന്റോ അനുസ്മരണം നിർവഹിക്കും. കവി ശാന്തൻ പിന്റോ രചിച്ച കവിത ആലപിക്കും. കൺവീനർ ഡോ. ഷാജി പാലങ്ങാടൻ, ഡോ. ജി. സജീഷ് എന്നിവർ സംസാരിക്കും.
സി. പിന്റോ
തൊണ്ണൂറുകളിലെ സർവ്വകലാശാല കലോത്സവങ്ങളിലെ രചനാ മൽസരങ്ങളിൽ സമ്മാനാർഹരുടെ പട്ടികയിലെ സ്ഥിരം പേരായിരുന്നു സി. പിന്റോ. ധാരാളം കവിതകളും കഥകളും ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ സ്വാശ്രയ കോളേജുകൾക്കെതിരായ മെഡിക്കോസ് സമരത്തിന്റെ നായക നിരയിലും പൊലീസ് മർദ്ദനങ്ങൾക്കുവരെ ഇരയായി പിന്റോ ഉണ്ടായിരുന്നു.
പഠനം കഴിഞ്ഞ് ഡോക്ടറായി വിഴിഞ്ഞം, കല്ലറ, ഭരതന്നൂർ തുടങ്ങിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ജോലി ചെയ്തു. ഇക്കാലയളവിൽ ഒട്ടേറെ കവിതകളും നോവലുകളും രചിച്ചു. 'ശൈത്യം", 'അഗ്നിയെ ചുംബിച്ച ചിത്രശലഭം", 'ഭഗവന്നൂർ പറയുന്നത്", 'വിരൽ സ്പർശം"തുടങ്ങിയ നോവലുകളും .'പിന്റോയുടെ കവിതകൾ", 'മകൾ" എന്നീ കവിതാസമാഹാരങ്ങളും 'ആക്രി' എന്ന ഒറ്റക്കവിതാ പുസ്തകവും പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ പലതും രോഗകാലത്ത് ഭാര്യ ബെറ്റ്സിയുടെ സഹായത്തോടെയാണ് എഴുതി പൂർത്തിയാക്കിയത്. 2005ൽ 35-ാം വയസിൽ ,പ്രശസ്ത ശാസ്ത്രകാരൻ സ്റ്റീഫൻ ഹോക്കിംഗ്സിനെ ബ ാധിച്ച മോട്ടോർ ന്യൂറോൺ രോഗം പിന്റോയെയും പിടിമുറുക്കുകയായിരുന്നു .