തിരുവനന്തപുരം: കാലികപ്രസക്തമായ വിഷയങ്ങളെ കാവ്യരൂപത്തിൽ അവതരിപ്പിക്കുന്നതാണ് മന്ത്രി ജി.സുധാകരന്റെ കവിമനസ്. വ്യവസ്ഥാപിതമായ ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കാതെ തന്റേതായ എല്ലാ സ്വാതന്ത്ര്യങ്ങളും സങ്കേതങ്ങളും ഉപയോഗപ്പെടുത്തിയാണ് അദ്ദഹം കവിതകൾ രചിക്കാറുള്ളത്. പലപ്പോഴും പലവിധ വിമർശനങ്ങൾ അവ ക്ഷണിച്ചുവരുത്താൻ കാരണവും അതാണ്.
രാഷ്ട്രീയക്കാരന്റെയും പൊതുമരാമത്ത് മന്ത്രിയുടെയും കടുത്ത തിരക്കുകളൊന്നും തന്റെ സർഗപ്രതിഭയെ ബാധിച്ചില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ജി.സുധാകരൻ. അദ്ദേഹത്തിന്റെ 13 -ാമത് കവിതാ സമാഹാരം 'പയ്യാമ്പലം' ഇന്ന് പ്രകാശിതമാവുകയാണ്. പലപ്പോഴായി രചിച്ച ഒമ്പത് കവിതകളാണ് സമാഹാരത്തിലുള്ളത്.കാലത്തിന്റെ ശക്തമായ കുത്തൊഴുക്കിനെയും അതിലൊഴുകി നഷ്ടമാവുന്ന നന്മയും പ്രപഞ്ച സൗന്ദര്യവുമെല്ലാം വരച്ചുകാട്ടുകയാണ് കവി ഈ കവിതകളിലൂടെ.
കോഴിക്കോട് ഒലീവ് പബ്ളിക്കേഷൻസാണ് പ്രസാധകർ. പയ്യാമ്പലം, പുത്തൻ മനോഹര ശക്തിബിംബം,ഒരു നിരൂപകനോട്, ഉണരുന്ന ഓർമ്മകൾ, അലയുന്നകലങ്ങളിൽ, മൃഗം, ഉപ്പുംപുളിയും ,കാണാത്തകണ്ണുനീർ, ഏതാണുസത്യം !അസത്യം? തുടങ്ങിയ കവിതകളാണ് പുസ്തകത്തിലുൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് അവതാരിക എഴുതിയിട്ടുള്ളത്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ ആസ്വാദനകുറിപ്പും ഉണ്ട്.
ഇന്ന് വൈകിട്ട് 4.30 ന് തൈക്കാട് കെ.എസ്.ടി.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.എ.ബേബി, കവി പ്രഭാവർമ്മയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്യുക. എം.കെ.മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ സി.രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്.സുനിൽകുമാർ, എം.എൽ.എമാരായ മുല്ലക്കര രത്നാകരൻ, കെ.സുരേഷ് കുറുപ്പ്,ഡോ.എൻ.ജയരാജ്, മുരളി പെരുനെല്ലി, സജിചെറിയാൻ, അനിൽ അക്കര എന്നിവർ പങ്കെടുക്കും.