മലയാളത്തിൽ സിനിമ കുറവാണെങ്കിലും തമിഴിൽ രമ്യാ നമ്പീശന് കൈനിറയെ ചിത്രങ്ങളാണ്.ഇക്കൊല്ലം ഇതുവരെ രമ്യ നായികയായ രണ്ട് തമിഴ് ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തിയത്.ഈ മാസവും രമ്യയ്ക്കൊരു റിലീസുണ്ട്.വിജയ് ആന്റണി നായകനാകുന്നു തമിഴരശൻ, ഇപ്പോൾ ചിത്രീകരണം നടന്നു വരുന്ന ശിവയിലും കേട്ടപ്പയ്യൻ സാർ ഞാനിലും രമ്യയാണ് നായിക. ആഷിക് അബുവിന്റെ വൈറസാണ് രമ്യയുടെ ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം.
തമിഴരശനിൽ രമ്യയെ കൂടാതെ സുരേഷ് ഗോപിയും അഭിനയിക്കുന്നുണ്ട്.അഞ്ച് വർഷത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ് ആന്റണി പൊലീസ് ഇൻസപെക്ടറുടെ വേഷത്തിലാണെത്തുന്നത്. പത്തു വയസുകാരന്റെ പിതാവായിട്ടാണ് വിജയ് ആന്റണി അഭിനയിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിലൂടെ വികസിക്കുന്ന ഒരു പ്രമേയമാണിത്. പ്രതിനായകനായ ഒരു ഡോക്ടറുടെ കഥാപാത്രമാണ് സരേഷ് ഗോപിയുടേത് .
ഛായാസിംഗ് , സംഗീത,കസ്തൂരി, മധുമിതാ, സോനു സുഡ്, രാധാരവി, റോബോ ഷങ്കർ, യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായൻ, അശ്വിൻ രാജാ തുടങ്ങി വലിയൊരു താരനിര തമിഴരശനിൽ അണിനിരക്കുന്നുണ്ട്. ഇളയരാജയാണ് സംഗീത സംവിധാനം. ആർ.ഡി. രാജശേഖർ ഛായാഗ്രഹണവും അനൽ അരസ് സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.