മലയാളത്തിലെ ഹിറ്റ് താര ജോടികളായ ടൊവിനോ തോമസും സംയുക്താമേനോനും ലഡാക്കിൽ.എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇവർ ലഡാക്കിൽ എത്തിയിരിക്കുന്നത്. മണാലിയിലെയും ലഡാക്കിലെയും പ്രധാന ലൊക്കേഷനുകളിൽ വച്ചാണ് ചിത്രീകരണം. ആമിർ ഖാന്റെ മെഗാ ഹിറ്റ് ചിത്രമായ ത്രീ ഇഡിയറ്റ്സിലെ അവസാന രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെ വച്ചാണ്.
കഴിഞ്ഞദിവസം മണാലിയിൽ വച്ച് ടൊവിനോയും സംയുക്തയും പങ്കെടുത്ത ഒരു ഗാനരംഗം ചിത്രീകരിക്കുകയുണ്ടായി. റൂബി ഫിലിംസിന്റെ ബാനറിൽ നവാഗതനായ സ്വപ്നേഷ് കെ.നായർ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയൻ 06 ന്റെ കേരളത്തിലെ ചിത്രീകരണം ഏറക്കുറെ പൂർത്തിയായി.
ഷഫീഖ് മുഹമ്മദ് എന്ന പട്ടാള ഉദ്യോഗസ്ഥനായിട്ടാണ് ടൊവിനോ തോമസ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇന്ത്യൻ ആർമിയുടെ പശ്ചാത്തലത്തിലുള്ള ചില സീനുകളും ഒരു പാട്ടുമാണ് മണാലിയിലും ലഡാക്കിലുമായി ചിത്രീകരിക്കുന്നത്. ജയന്ത് മാമനും തോമസ് ജോസഫ് പട്ടത്താനവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജൂലായ് പത്തിന് സംഘം കേരളത്തിൽ തിരിച്ചെത്തും.അതിന് ശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചുള്ള സീനുകൾ ചിത്രീകരിക്കും. പി. ബാലചന്ദ്രനാണ് എടക്കാട് ബറ്റാലിയന് വേണ്ടി തിരക്കഥ എഴുതുന്നത്.ജോയ് മാത്യു, രേഖ , സരസ ബാലുശ്ശേരി, ദിവ്യാ പിള്ള, നിർമ്മൽ പാലാഴി,ഉമ നായർ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.