വിശ്വാസമല്ലേ എല്ലാം....
ഉച്ചയൂണിന് ശേഷം പതിവുള്ള മയക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു ഷൺമുഖൻ സാർ. പെൻഷൻ പറ്റിയതോടെ ഉച്ചയുറക്കം ഒരു ശീലമാക്കി മാറ്റി. ഭാര്യ തങ്കമണിയും ഇപ്പോഴങ്ങനെ തന്നെ. തങ്കമണിക്ക് താലൂക്കാഫീസിലായിരുന്നു ജോലി. ഷൺമുഖൻ സാർ പെൻഷൻ പറ്റി നാലുകൊല്ലം കഴിഞ്ഞാണ് തങ്കമണി റിട്ടയർ ചെയ്തത്. ഒരു ഗസറ്റഡ് പോസ്റ്റിലിരുന്ന് വലിയ ഓഫീസറായി റിട്ടയർ ചെയ്തതിന്റെ ഗമ തങ്കമണിക്കുണ്ടായിരുന്നു ആദ്യമൊക്കെ. പക്ഷേ അപ്പോഴെല്ലാം ഷൺമുഖൻ സാർ ബുദ്ധിപൂർവ്വം മൂകനും ബധിരനുമായി ഉള്ളിൽ അവജ്ഞ നിറഞ്ഞൊരു പുഞ്ചിരിയോടെ തങ്കമണിയെ നേരിട്ടു. ക്രമേണ തങ്കമണി ഷൺമുഖൻ സാറിന്റെ വരുതിയിലൊതുങ്ങി. ഇപ്പോൾ രണ്ടുപേരും പരസ്പരപൂരകങ്ങൾ! എവിടെയെങ്കിലും യാത്രപോകുമ്പോഴാണ് ബുദ്ധിമുട്ട്. ഉച്ച കഴിയുന്നതോടെ പതിവ് നിദ്ര കണ്ണുകളിലേക്ക് അയക്കുന്ന അമ്പുകൾ കോട്ടുവായാക്കി പുറത്തേക്ക് വിടുന്നത് അല്പം ശ്രമകരം തന്നെയാണ്. ഇപ്പോൾ അങ്ങനെ എങ്ങും പോകാറില്ല. വയസ് എൺപതോടടുക്കുന്നു. മകൻ അമേരിക്കയിലും മകൾ ഭർത്താവിനോടൊപ്പം ചെന്നൈയിലുമാണെങ്കിലും രണ്ടുപേരും പറയാറുണ്ട് അച്ഛനുമമ്മയും കുറച്ചുനാളെങ്കിലും തങ്ങളോടൊപ്പം വന്നു താമസിക്കണമെന്ന്. ഈ പ്രായത്തിൽ അവിടെയൊക്കെ ചെന്നാൽ കാലാവസ്ഥയുമായി പൊരുത്തപ്പെടുക എന്നത് പ്രയാസമുള്ള കാര്യമാണ്. മാത്രമല്ല അവിടെവച്ച് തങ്ങളിലാർക്കെങ്കിലും വല്ലതും സംഭവിച്ചാലുണ്ടാകാവുന്ന വിഷമതകൾ പരിഗണിക്കുമ്പോൾ നാട്ടിലെങ്ങനെയും സ്വസ്ഥമായി കഴിയുന്നതല്ലേ ഭേദം എന്ന് ചിന്തിച്ചുപോകും.
മക്കൾ രണ്ടുപേരും എല്ലാദിവസവും ഫോണിൽ വിളിച്ചു വിവരങ്ങളന്വേഷിക്കും. ഫോണിലൂടെ നേരിൽകണ്ട് സംസാരിക്കാനുള്ള സംവിധാനം കഴിഞ്ഞതവണ വന്നപ്പോൾ കാണിച്ചതാണ്. പക്ഷേ ഷൺമുഖൻ സാറതൊക്കെ മറന്നുപോയി. ഇനി വരുമ്പോഴാകട്ടെ വിശദമായി എഴുതിവച്ചിട്ട് അതനുസരിച്ച് പ്രയോഗിച്ചുനോക്കാം. തങ്കമണിക്കും ഇത്തരം സാങ്കേതിക വശങ്ങളൊന്നും അത്ര അങ്ങോട്ട് ഉൾക്കൊല്ളാൻ പറ്റുന്നില്ല. അങ്ങോട്ട് വിളിക്കാനും ഇങ്ങോട്ട് വിളി വന്നാൽ എടുക്കാനും മാത്രം അറിയാം. തത്ക്കാലം അതിന്റെ ആവശ്യമല്ലേയുള്ളൂ. ഫോണിന്റെ ഒരു പുരോഗതി ഓർത്താൽ തലയിൽ കൈവച്ചിരുന്നുപോകും. ആദ്യകാലത്ത് മേശപ്പുറത്ത് വയ്ക്കാവുന്ന ഫോണേ ഉണ്ടായിരുന്നുള്ളൂ. എല്ലാ ഫോണിന്റെയും നിറം കറുപ്പും. അതിന്റെ സംസാരിക്കുന്ന ഭാഗം അല്പം കുഴിഞ്ഞിരിക്കും. ചെവിയോട് ചേർന്നുള്ള ഭാഗം പരന്നും. എന്തു ഭാരമായിരുന്നു ആ റിസീവറിന്. അതിന്റെ വായറ്റത്തുനിന്ന് താഴേക്ക് ഒരു കോർഡ് തൂങ്ങിക്കിടക്കും. അങ്ങനെയാണ് ചെവിയറ്റവും വായറ്റവും വേർതിരിച്ചറിഞ്ഞിരുന്നത്. എങ്കിൽപോലും തലതിരിച്ചു പിടിച്ചു സംസാരിക്കാൻ ശ്രമിക്കുന്ന പലരേയും നോക്കി പരിഹസിക്കുക അന്നത്തെ ഒരു വലിയ തമാശയായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഘനം കുറഞ്ഞ ചെറിയ 'പ്രിയദർശിനി' ഫോൺ പ്രത്യക്ഷപ്പെട്ടു. അതിനാണെങ്കിൽ തലയും വാലും ഒരേ പോലെ, നിറം കറുപ്പുതന്നെ. കുറച്ചുനാൾ കൂടി കഴിഞ്ഞാണ് പല നിറത്തിലുള്ള ചെറിയ ഫോണുകൾ എത്തിയത്. ഇന്നിപ്പോൾ ലാന്റ് ഫോണെന്നത് ഒരു പുരാവസ്തു ആയിക്കഴിഞ്ഞു. എല്ലാവർക്കും മൊബൈൽ ഫോൺ മാത്രം മതി. അതിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും ആലോചിച്ചാൽ വാർത്താവിനിമയരംഗത്തെ ഏറ്റവും വലിയ വിപ്ലവം സൃഷ്ടിച്ച മൊബൈൽ ഫോണിനെ ആരും നമിക്കും!
കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം മങ്ങിയ ചിന്തകളിൽ നിന്നും ചായുന്ന മയക്കത്തിൽ നിന്നും ഉണർത്തി. മെല്ലെ കാൽമുട്ടുകളിൽ കൈകളൂന്നി എഴുന്നേറ്റ് ഷൺമുഖൻ സർ. ഇപ്പോൾ അങ്ങനെയാണ്. പെട്ടെന്ന് ചാടിയെണീക്കാനൊന്നും സാധിക്കുന്നില്ല. മനസ് കൊണ്ട് തയ്യാറല്ലെങ്കിലും ശരീരം അദ്ദേഹത്തെ പ്രായം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ജനൽപാളികളിലൂടെ സിറ്റൗട്ടിലേക്ക് എത്തി നോക്കി. അല്പം തടിച്ചിട്ട് സാമാന്യം ഉയരമുള്ളൊരാൾ. ജീൻസും ടീഷർട്ടുമാണ് വേഷമെങ്കിലും കാഴ്ചയിൽ നാല്പതിനുമേൽ പ്രായം തോന്നിക്കും. പെട്ടെന്നൊരു പരിചയം തോന്നുന്നില്ല. പരിചയമില്ലാത്തവരുടെ സമീപത്തേക്ക് നേരിട്ടിറങ്ങിച്ചെല്ലാൻ പകലാണെങ്കിൽ പോലും ഭയമാണിപ്പോൾ. കാലം അത്രമേൽ മാറിപ്പോയല്ലോ. കൊള്ളയും കൊലയും തട്ടിക്കൊണ്ടുപോകലുമെല്ലാം പത്രമാധ്യമങ്ങളിലൂടെ അനുദിനം വിഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നത് ഭയവം ഉത്കണ്ഠയുമില്ലാതെ ഒരു ദിവസമെങ്കിലും കഴിഞ്ഞുകൂടാനായെങ്കിൽ!
ഓ...ജനാലയിലൂടെ അയാൾ ഷൺമുഖൻ സാറിനെ കണ്ടിരിക്കുന്നു. പരിചയഭാവത്തിൽ ചിരിക്കുന്നു. സാവധാനം വാതിൽ തുറന്നിറങ്ങി. കണ്ടപാടേ അയാൾ കൈകൾ കൂപ്പി. അപ്പോഴേക്കും തങ്കമണിയും വാതിൽക്കൽ വന്നെത്തിനോക്കി.
''ഷൺമുഖൻ സാറല്ലേ? എന്നെ ഓർക്കുന്നില്ലായിരിക്കും. സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ഗവൺമെന്റ് സ്കൂളിൽ എന്നെ ആറാം ക്ലാസിൽ മലയാളം പഠിപ്പിച്ചത് സാറാണ്. ഹൈസ്കൂളിലായപ്പോൾ ഞാൻ അമ്മവീടിനടുത്തുള്ള സ്കൂളിലാണ് ചേർന്നത്. അതുകൊണ്ട് പിന്നെ സാറിനെ അധികം കണ്ടിട്ടില്ല.;""
'' ഇയാളുടെ പേരെന്താണ്?""
''രാജേഷ്, ഞാൻ ഒൻപതാം ക്ലാസിലായപ്പോൾ ഞങ്ങൾ അവിടെ തന്നെ പുതിയ വീടുവച്ച് താമസം തുടങ്ങി. അതിനുശേഷം ഒന്നോ രണ്ടോ പ്രാവശ്യമേ ഞാനിങ്ങോട്ട് വന്നിട്ടുള്ളൂ. അതാണ് സാറിനെ പിന്നീട് കാണാൻ കഴിയാത്തത്.""
''ഇപ്പോൾ എന്ത് ചെയ്യുന്നു? ""
''ചെറിയ തോതിൽ റിയൽ എസ്റ്റേറ്റ് ബിസിനസുണ്ട്. വലിയ കുഴപ്പമൊന്നുമില്ലാതെ ജീവിച്ചുപോകുന്നു സാറേ. ഇന്നലെ ഞാനിതിലേ പോയപ്പോൾ സാറിന്റെ വീട് കണ്ടു. അപ്പോൾ സാറിനെ ഓർത്തു. ഇന്നും വീണ്ടും ഇതുവഴി വരേണ്ടിവന്നതുകൊണ്ട് സാറിനെ ഒന്ന് കണ്ടേച്ചു പോകാമെന്ന് കരുതി.""
''കയറിയിരിക്കൂ രാജേഷ്.""
''വേണ്ട സാർ, സാറിനെ കണ്ടല്ലോ. അതുമതി.""
''താൻ കയറിയിരിക്കെടോ.""
വീണ്ടും പറഞ്ഞപ്പോൾ അയാൾ ചെരുപ്പൂരി സ്റ്റെപ്പുകൾക്ക് താഴെയിട്ട് സിറ്റൗട്ടിലേക്ക് പ്രവേശിച്ചു നിന്നു. നിർബന്ധിച്ചപ്പോൾ ഒരുവശം ചെരിഞ്ഞ് കസേരയിലിരുന്നെന്ന് വരുത്തി. മുറുക്കമുള്ള ജീൻസിലും ടീ ഷർട്ടിലും തെറിച്ചു നിൽക്കുന്ന ശരീരഭാഗങ്ങൾ!
തങ്കമണി വീണ്ടും എത്തിനോക്കി പിൻവലിഞ്ഞപ്പോൾ തിരികെ വിളിച്ച് പൂർവ്വവിദ്യാർത്ഥിയെ പരിചയപ്പെടുത്തി. രാജേഷെന്ന ഈ പൂർവ വിദ്യാർത്ഥിയെ ഓർത്തെടുക്കാനാവുന്നില്ലല്ലോ എന്നതിന് സ്വന്തം പ്രായത്തെയും ഓർമ്മശക്തിയെയും കുറ്റപ്പെടുത്തി ഷൺമുഖൻ സാർ. എതിരെയുള്ള കസേരയിൽ ഭവ്യതയുടെ നിറവിൽ ഒരുവശം മാത്രം ഇരിപ്പിടത്തിലുറപ്പിച്ച് അയാൾ.
ആറാം ക്ലാസിലെ മലയാളം അദ്ധ്യാപകനപ്പോൾ പുനർജനി നേടികഴിഞ്ഞിരുന്നു. മലയാളം വിദ്വാൻ ക്ലാസിലെ അക്ഷരപ്പൊലിമ നിരത്തിവച്ച് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആദ്യത്തെ പ്രേമലേഖനമെഴുതിയ കടലാസ് നാലായി മടക്കിയതിനുള്ളിൽ ഹൃദയം ചേർത്തുവച്ച് പോക്കറ്റിലാക്കി തങ്കമണിയുടെ വീടിനുചുറ്റും സൈക്കിളിൽ വട്ടം കറങ്ങുകയായിരുന്നല്ലോ ആ നാളുകളിൽ. മൂത്തുപഴുക്കാറായ ചാമ്പക്കായുടെ നിറമുള്ള തങ്കമണിയുടെ ഇളം കവിളുകൾ കാൺകെ സ്വന്തം നെഞ്ചിടിപ്പിന്റെ ചെണ്ടമേളം കേട്ട് പ്രപഞ്ചമാകെ നടുങ്ങി നിന്നിരുന്നതുമാത്രമേ അറിഞ്ഞിരുന്നുള്ളൂ. പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ നിഷ്കളങ്ക വദനചിത്രങ്ങൾ കോറിയിടാനുള്ള ചുവരുകൾ തന്റെ ഗുരുവഴികളിൽ അന്നില്ലാതെ പോയതിൽ ഖേദിച്ചു ഷൺമുഖൻ സാർ. അന്നത്തെ കുട്ടികളും അങ്ങനെ തന്നെ ആയിരുന്നല്ലോ. അദ്ധ്യാപകരുടെ മുൻപിൽ നേരെ നിവർന്ന് നിൽക്കാൻ പോലും അവർ മടിച്ചിരുന്നു. ഇന്നാണെങ്കിൽ അദ്ധ്യാപകരുടെ തോളിൽ കൈയിട്ട് നടക്കുന്നവരാണ് കൂടുതൽ. ഗുരുശിഷ്യബന്ധത്തിന്റെ കാലഗതി!
കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ അനൂപിന്റെ മകൻ തങ്കമണിയോട് ചോദിച്ചത് ഓർത്ത് ചിരിക്കാത്ത ദിവസങ്ങൾ കുറവ്. ഷൺമുഖൻ സാർ വെളിയിലെവിടെയോ ആയിരുന്നു. വീടിനകത്തെങ്ങും അപ്പൂപ്പനെ കാണാതിരുന്നപ്പോൾ മോൾ അമ്മൂമ്മയ്ക്കരികിലെത്തി. അമ്മൂമ്മേ അമ്മൂമ്മേടെ ഷണ്ണൻ ചേട്ടനെവിടെയോ?
''ങേ ...ഷണ്ണൻ ചേട്ടനോ? അതാര്?""
''അപ്പൂപ്പൻ. അല്ലാതാര്?""
തങ്കമണി ഞെട്ടി. നിന്നിടം കീഴ്മേൽ മറിയുന്നുവോ? രണ്ടുമക്കളും മൂന്നുപേരക്കിടാങ്ങളുമുള്ള ഷൺമുഖൻ സാർ ഷണ്ണ (ണ്ഡ)നോ?
''നിനക്കിതാരാ ഷണ്ണൻ ചേട്ടനെന്നൊക്കെ പറഞ്ഞുതന്നത്?""
''ആരുമല്ല. അങ്ങേവീട്ടിലെ ചന്ദ്രശേഖരൻ സാറിന്റെ ഭാര്യ സാറിനെ വിളിക്കുന്നത് ചന്ദ്രൻ ചേട്ടനെന്ന്, ഗംഗാധരനമ്മാവന്റെ അമ്മായി അമ്മാവനെ വിളിക്കുന്നത് ഗംഗൻ ചേട്ടനെന്ന് അപ്പോപ്പിന്നെ അമ്മൂമ്മ അപ്പൂപ്പനെ വിളിക്കേണ്ടത് ഷണ്ണൻ ചേട്ടനെന്നല്ലേ?""
ഋതുപകർച്ചയുടെ തേൻനിലാവിൽ കുളിരണിയുന്ന വസന്തപ്രതീക്ഷകൾ! മഴവില്ലിന്റെ ചായക്കൂട്ടു വരച്ചിടുന്ന പുലർകാലചിന്തകൾ! ഓർത്തോർത്ത് ചിരിക്കാൻ ഓരോരോ ടോർച്ച് വെളിച്ചങ്ങൾ. കാലം തെറ്റി മഴ പെയ്യുന്നത് ഇപ്പോൾ പതിവാണല്ലോ.
ഏതാനും നിമിഷങ്ങളിലെ സംസാരത്തിൽ ഷൺമുഖൻ സാറിന്റെ മക്കളും മരുമക്കളും കൊച്ചുമക്കളും ജീവിതവും ചുറ്റുപാടുകളും ഒന്നിനു പിറകേ ഒന്നായി ഒരു ഘോഷയാത്രയിലെ ഫ്ലോട്ടുകൾ പോലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
''അപ്പോഴും സാറും മാഡവും മാത്രമേ ഈ വീട്ടിലുള്ളൂ അല്ലേ?""
അത്രേയുള്ളൂ. ഇനിയുള്ള കാലം എല്ലാവരും ഇങ്ങനെയൊക്കെതന്നെയാവും. പൂർവ്വകാലങ്ങളിലെ അദൃശ്യവിസ്മയങ്ങളിൽ രാജേഷെന്നൊരു വള്ളിനിക്കറുകാരന്റെ ബാല്യമുഖം തിരയുകയായിരുന്നു അപ്പോഴും ഷൺമുഖൻ സാർ. ഇല്ല...ഓർത്തെടുക്കാനാവുന്നില്ല.
''എന്നാൽ ഞാനിറങ്ങട്ടെ സാറേ. ഇനിയും വരാം... വരും.""
കാലുകളുറപ്പിച്ച് കൈകൾ വീശി നടന്നുപോകുന്ന രാജേഷിനെ നോക്കി അല്പനേരം കൂടി അവിടെയിരുന്നു. കസേകകൈയിൽ ബലമായി പിടിച്ച് കാൽമുട്ടുകളിൽ അധികം ഊന്നൽ കൊടുക്കാതെ സാവധാനം എഴുന്നേൽക്കുമ്പോൾ സ്വന്തം മകനേയും ഭാര്യയേയും പെട്രോളൊഴിച്ച് തീവച്ചുകൊന്ന പിതാവിന്റെ ചിത്രമുള്ള ദിനപത്രം മേശപ്പുറത്ത്!
''അയാൾ പോയ് കഴിഞ്ഞോ?""
നീളം കൂടിയ ചില്ലുക്ലാസിലെ ടാംഗ് കലക്കിയ മഞ്ഞവെള്ളം തുളുമ്പാതെ സൂക്ഷിച്ച് തങ്കമണി.
''ങാ ഇനിയിപ്പോൾ നീതന്നെ കുടിക്ക്. വെള്ളമെടുക്കുന്നതറിഞ്ഞിരുന്നെങ്കിൽ കുടിച്ചിട്ട് പോകാൻ പറഞ്ഞേനെ.""
''അന്നത്തെ ചൂരൽപ്രയോഗം അയാളിപ്പോഴും മറന്നുകാണുകേല... അതാ അന്വേഷിച്ച് വന്നത്.""
''ഞാനങ്ങനെ ചൂരലെടുത്തൊന്നും ഒരുപാട് പെരുമാറിയിട്ടില്ല. അതെങ്ങനാ...അന്ന് നീ എന്റെ ഉള്ളിൽ കടന്നുകൂടി പാർപ്പുതുടങ്ങിയിരുന്നല്ലോ. അതുകൊണ്ട് പിള്ളേരെ തല്ലാനൊന്നും തോന്നുകേലായിരുന്നു.""
''ഓ...അങ്ങനെ...""
''എനിക്കൊരു സംശയം ഈ ചൂരൽ എന്ന് കേട്ടാലുടനെ അടി എന്നു മാത്രമേ എല്ലാവരും ഓർക്കാറുള്ളോ? ചൂരലുകൊണ്ട് വേറെ എന്തെല്ലാം പ്രയോജനങ്ങളുണ്ട്.ഫർണിച്ചറുകൾ, കുട്ട, വട്ടി, കർട്ടൻ അങ്ങനെ എത്രയോ ഉപകരണങ്ങൾ ഉണ്ടാക്കാം. എന്നാലും ആളുകൾക്ക് തല്ലുകൊള്ളുന്ന കാര്യം മാത്രമേ ഓർമ്മ വരൂ. പാവം ചൂരലേ... അതിനെ ഒരു നികൃഷ്ട സസ്യമാക്കിക്കളഞ്ഞല്ലോ ഈ ദുഷ്ടമനുഷ്യർ!""
''ഓ...ഒരു ചൂരൽ പ്രേമി.""
തങ്കമണിയുടെ ചുണ്ടിൻകോണിലെ ചിരി പരിഹാസത്തിന്റെയോ വിദ്വേഷത്തിന്റെയോ യാഥാർത്ഥ്യബോധത്തിന്റെയോ ''ആ...എന്തെങ്കിലുമാവട്ടെ...""
പ്രകൃതിയുടെ നിയമപുസ്തകത്തിൽ നിന്ന് ഒരുതാളുപോലും അടർത്തിയെടുക്കാൻ ആർക്കുമാവില്ല. ആകാശച്ചെരുവിൽ കൂട്ടം ചേർന്ന് സമ്മേളനം നടത്തിയ കാർമേഘങ്ങൾ മലയിടങ്ങൾ തേടി മേലോട്ടുയർന്ന് ഉറഞ്ഞുതുള്ളി എവിടെയൊക്കെയോ അലിഞ്ഞമർന്നു.
രാവേറെയായിട്ടുംഅടുക്കളയിലെ തട്ടും മുട്ടും അവസാനിക്കാറായില്ലേ എന്നുറപ്പുവരുത്താൻ ഷൺമുഖൻ സാർ എത്തിനോക്കി. തങ്കമണിയുടെ തിരക്കൊഴിഞ്ഞിട്ടില്ല. രാത്രി ഭക്ഷണം കഴിഞ്ഞ് മിച്ചം വന്നവ ഓരോന്നും പ്രത്യേകം പ്രത്യേകം കണ്ടെയ്നറുകളിലാക്കി ഫ്രിഡ്ജിന്റെ ഓരോ കള്ളികളിലേക്ക് തള്ളുന്നു.അതു കണ്ടപ്പോൾ അടുത്തകാലത്ത് പങ്കെടുത്തൊരു ശവസംസ്കാര ചടങ്ങ് ഓർമ്മവന്നു. ഓരോ ശവത്തിനെയും ഓരോ പെട്ടികളിലാക്കി കല്ലറയിലെ അടുക്കടുക്കായുള്ള ഓരോ അറകളിലേക്ക് തള്ളിവിടുകയാണ് അതും ഫ്രിഡ്ജിനെ പോലെ തന്നെ ഒരു സംസ്കാരകേന്ദ്രമാണല്ലോ. മനുഷ്യശവങ്ങൾക്കു പകരം കോഴിയും താറാവും മീനുമാണെന്നേയുള്ളൂ. പണ്ട് അമ്മയുടെ അടുക്കളയിൽ തേങ്ങാമുറിയും ഉണക്കമീനും മോരുകാച്ചിയതും വെവ്വേറെ ഉറികളിൽ തൂങ്ങിയാടി പരസ്പരം പുണർന്നു ഉറുമ്പുകളിൽ നിന്നും പൂച്ചകളിൽ നിന്നും രക്ഷ നേടിയിരുന്നു.
''ഇനി കിടന്നുറങ്ങാൻ നോക്കൂ തങ്കമണീ""
''ദാ തീർന്നു. ഈ അടുപ്പുപാതകോം കൂടെ ഒന്ന് തുടച്ചോട്ടെ.""
ഉച്ചയുറക്കം മുറിഞ്ഞക്ഷീണവും ടി.വി വാർത്തകളിൽ നിന്നു കിട്ടിയ മനഃസംഘർഷവും തളർത്തിയ നേരത്താണ് താരമോളുടെ വിളി വന്നത്. സംസാരത്തിനിടയിൽ കണ്ണുകളടഞ്ഞു പോകുന്നതറിഞ്ഞു. എന്നാലിനി നാളെ വിളിക്കാമെന്ന് പറഞ്ഞു കിടന്നുമാത്രമേ ഓർമ്മയുള്ളൂ.
വെളുപ്പിനെ കിച്ചനിൽ നിന്ന് നിലവിളി പോലൊരു ശബ്ദം. തങ്കമണി എല്ലാദിവസവും നേരത്തെ എഴുന്നേൽക്കുന്ന പതിവുണ്ട്. ഒരുപക്ഷേ സ്വപ്നം കണ്ടതാവുമോ?എന്നാലുമൊന്ന് നോക്കിയേക്കാമെന്നുകരുതി ഷൺമുഖൻ സാർ കിച്ചനിലേക്ക് നടന്നു. തങ്കമണി നിലത്തു കിടന്ന് പിടയുന്നത് അരണ്ട വെളിച്ചത്തിൽ തെളിഞ്ഞുകണ്ടു. ഓടി അടുത്തെത്തിയപ്പോൾ കഴുത്തിൽ നിന്ന് ചൂടുചോര ഒഴുകുന്നു. അർദ്ധബോധാവസ്ഥയിൽ കഷ്ടപ്പെട്ട് ഞരങ്ങിക്കൊണ്ട് ഒരു കൈ ഉയർത്തി കഴുത്തിലും കൈയിലും തൊട്ടുകാണിച്ചു. മാലയും വളകളും നഷ്ടപ്പെട്ടിരിക്കുന്നു. കള്ളൻ...കള്ളൻ... ഉറക്കെ അലറി വിളിക്കാൻ തുടങ്ങിയപ്പോഴേക്കും അലമാരയുടെ പിന്നിലൊളിച്ചിരുന്ന കള്ളൻ തുറന്നു കിടന്ന വാതിലിലൂടെ ഓടാൻ ശ്രമിച്ചു. അതിനിടയിൽ അവന്റെ മുഖം വ്യക്തമായി കണ്ടു.
''രാജേഷേ...നീയോ?""
''ഞാനൊരു രാജേഷുമല്ല. താനെന്നെ പഠിപ്പിച്ചിട്ടുമില്ല.""
ഉച്ചയ്ക്ക് കേട്ട അതേ ശബ്ദം!
അയാൾ അതിവിനയവും ഭവ്യതയും കുടഞ്ഞുകളഞ്ഞ് രൗദ്രവും ബീഭത്സവും ഭീകരതയും ആവാഹിച്ചെടുത്ത് കഴിഞ്ഞു.
ഒരു നിമിഷം...!
തങ്കമണിയിലേക്ക് തിരിഞ്ഞപ്പോൾ... കരുണഭാവം കൈക്കൊണ്ട് വാ തുറന്നു, കണ്ണുതുറന്ന് വെട്ടിയിട്ട വാഴത്തടപോലെ നീണ്ടു നിവർന്നു കിടക്കുന്നു.
''തങ്കമണീ...""
ഒന്നേ വിളിക്കാനായുള്ളൂ. അപ്പോഴേയ്ക്ക് മടങ്ങിവന്ന കള്ളന്റെ കൈയിലിരുന്ന കോടാലിക്കൈ ഷൺമുഖൻ സാറിന്റെ തലയിൽ അമർന്നു കഴിഞ്ഞിരുന്നു.