-pulwama-

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് വീര്യമേറിയ ആർ.ഡി.എക്സും അമോണിയം നൈട്രേറ്റുമാണെന്ന് ഫോറൻസിക്ക് റിപ്പോർട്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. ആക്രമണത്തിന്റെ ഭീകരത വർധിപ്പിക്കാനാണ് ആർ.ഡി.എക്സ് ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സെന്റർ ഫോറസൻസിക് സയൻസ് ലബോട്ടറിയിലെ വിദ​ഗ്ധരാണ് റിപ്പോർട്ട് അന്വേഷണ സംഘത്തിന് സമർപ്പിച്ചത്. ആർ.ഡി.എക്സും അമോണിയം നൈട്രേറ്റും നിറച്ച മാരുതി ഇക്കോ കാറാണ് സി.ആർ.പി.എഫ് വാഹനത്തിന് നേരെ ഇടിച്ചുകയറ്റിയത്. ഇടിയുടെ ആഘാതത്തിൽ കാറുൾപ്പടെയുള്ള സ്ഫോടനവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തിൽ ഭീകരാക്രമണത്തിന്റെ ശക്തി വർദ്ധിപ്പിച്ചുകൊണ്ട് വലിയ രീതിയിൽ ആളുകളെ കൊന്നൊടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഫെബ്രുവരി 14 നാണ് രാജ്യത്തെ നടക്കിയ ഭീകരാക്രമണം നടന്നത്. ജമ്മുകാശ്മീരിലെ പുൽവാമയിൽ ദേശീയ പാതയിൽ വച്ച് ഭീകരൻ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനിടയിലേക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തുകയായിരുന്നു. 40 ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യുവരിച്ചത്.

ഭീകരാക്രമണത്തിൽ ഉൾപ്പെട്ട അഞ്ച് ഭീകരരിൽ നാലുപേരെ വധിക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ലോക്‌സഭയിൽ നടന്ന ചൽച്ചയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ജയ്‌ഷെ മുഹമ്മദാണെന്ന് വ്യക്തമായതായും അദ്ദേഹം ലോക്‌സഭയോട് വെളിപ്പെടുത്തിയിരുന്നു.

ഭീകരാക്രമണത്തിൽ ഉൾപ്പെട്ട അഞ്ച് പേരിൽ സി.ആർ.പി.എഫ് വാഹനത്തിലേക്ക് കാർ ഇടിച്ചുകയറ്റി ഒരാൾ ചാവേർ ആയിരുന്നു. ഇയാൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റുള്ള മൂന്നുപേരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.