rajkumar

ഇടുക്കി: പീരുമേട്ടിൽ പൊലീസ് കസ്റ്റഡിയിൽ രാജ്കുമാർ മരിച്ച സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്തുവിട്ടു. രാജ് കുമാറിന്റെ മരണകാരണം കസ്റ്റഡിയിലെ ക്രൂരമായ മർദ്ദനമാണെന്നും ന്യുമോണിയ ബാധയ്‌ക്ക് കാരണം കടുത്ത മർദ്ദന മുറകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാകൃതമായ രീതിയിലാണ് രാജ്കുമാറിനെ മർദ്ദിച്ചത്. മർദ്ദനം തടയാൻ എസ്.ഐ ശ്രമിച്ചില്ലെന്നും പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഒരു പ്രമുഖ മാദ്ധ്യമമാണ് റിമാൻഡ് റിപ്പോർട്ട് പുറത്ത് വിട്ടത്.

രാജ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇടുക്കി എസ്.പിക്കെതിരെയും നടപടിയുണ്ടാകും. കെ.ബി. വേണുഗോപാലിനെ തൽസ്ഥാനത്തുനിന്ന് നീക്കും. എന്നാൽ,​ പുതിയ ചുമതല നൽകില്ല. കടുത്ത നടപടിക്ക് സാധ്യതയുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനുശേഷമായിരിക്കും തുടർ നടപടി.

അതേസമയം,​ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ തൃപ്തിയില്ലെന്നും പൊലീസുകാര്‍ക്ക് മാത്രമല്ല ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉരുട്ടിക്കൊലയില്‍ പങ്കുണ്ടെന്നും കസ്തൂരി പറഞ്ഞു.

റിമാൻഡിലിരിക്കെ രാജ്കുമാറിനെ പൊലീസ് മനുഷ്യത്വരഹിതമായി പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ഉദ്യാേഗസ്ഥർ സ്റ്റേഷന് പുറത്തെ തോട്ടത്തിൽ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളിൽ തേച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ തെറ്റായ വിവരങ്ങൾ നൽകിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്.

12ന് കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തോളം രാജ്കുമാറിനെ ഉറങ്ങാൻ പോലും അനുവദിച്ചില്ല. മദ്യപിച്ചെത്തിയ പൊലീസ് രാത്രിയും പുലർച്ചെയുമായിട്ടാണ് ചോദ്യം ചെയ്‌തിരുന്നത്. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുത്തപ്പോഴാണ് മൂന്നാംമുറയുടെ വിവരങ്ങൾ ലഭിച്ചത്.

നേരത്തെ ഇതുസംബന്ധിച്ച രണ്ട് പൊലീസുകാരെ ക്രൈം ബ്രാഞ്ച് അന്വേഷണ സഘം അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ചതിനാണ് ഇവരുടെ അറസ്റ്റ്. അതേസമയം, അറസ്റ്റിനിടെ എസ്.ഐ സാബു കുഴഞ്ഞു വീണതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കേസിൽ ഇന്ന് തന്നെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയുണ്ട്.