ബിർമിംഗ്ഹാം: ലോകകപ്പിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മത്സരം തോറ്റപ്പോൾ ഏറെ വിമർശനങ്ങൾക്കിരയായത് മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയായിരുന്നു. വമ്പൻ അടികൾക്ക് മുതിരേണ്ട സമയം അതിക്രമിച്ചിട്ട് പോലും ഒരു ഫോർ പോലും നേടാൻ ധോണിക്കായില്ല. സിംഗിളുകൾ നേടിയിരുന്ന ധോണിയുടെ സമീപനത്തെ വിമർശിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.
എന്നാൽ, വിരലിനേറ്റ പരിക്കോടെയാണ് ധോണി ഇംഗ്ലണ്ടിനെതിരെ കളിച്ചതെന്നാണ് പുറത്തെത്തുന്ന വിവരം. മത്സരത്തിനിടെ പരിക്കേറ്റ വിരൽ വായിൽ വച്ച് ശേഷം ചോര തുപ്പിക്കളയുന്ന ധോണിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. ബാറ്റിംഗിനിടെയാണ് ധോണിയുടെ തള്ളവിരലിന് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. വിരലിന് പരിക്കേറ്റിട്ടും ധോണി കളിച്ചതിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. ടീമിനോടുള്ള അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടുമാണ് ധോണി കളിച്ചതെന്ന് ആരാധകർ പറയുന്നു.
@msdhoni He played with an injured thumb and spat blood. Only true fans would have noticed it. ❤️🇮🇳 #respect #CWC19 #INDvBAN pic.twitter.com/pCwOCbjs2B
— KineticBlasts (@KineticBlasts) July 2, 2019
അതേസമയം, ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ ശ്രമിക്കാത്തതിലും വിമർശനം ഉയർന്നിരുന്നു. ധോണിയും കേദർ ജാദവും ബൗണ്ടറികൾക്ക് മുതിർന്നിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ സാധിക്കുമായിരുന്നിട്ടും ഇരുതാരങ്ങളും അതിന് ശ്രമിച്ചില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ധോണിക്കെതിരെ രംഗത്തെത്തിയിരുന്നു. ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ 223 റൺസ് മാത്രമാണ് ധോണിക്ക് ഇതുവരെ നേടാനായത്. മാത്രമല്ല ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് വിക്കറ്റുകളുടെ മാത്രം ഭാഗമാകാനേ ധോണിക്ക് സാധിച്ചുള്ളൂ. രണ്ട് ക്യാച്ചും, രണ്ട് സ്റ്റംപിംഗും. ഇതാദ്യമായാണ് വിക്കറ്റിന് പിന്നിൽ ധോണി വിമർശിക്കപ്പെടുന്നത്. എന്നാൽ ധോണിക്ക് പിന്തുണയുമായി ക്യാപ്റ്റൻ കൊഹ്‌ലിയും രോഹിത് ശർമ്മയും രംഗത്തെത്തിയിരുന്നു.