ന്യൂഡൽഹി: ആദ്യ റാഫേൽ പോർ വിമാനം ഈ വർഷം സെപ്റ്റംബറിൽ ഫ്രാൻസിൽ നടക്കുന്ന പരിപാടിയിൽ വെച്ച് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറും. ചടങ്ങിന്റെ ഭാഗമായി ഇന്ത്യയിലെ പൈലറ്റുമാർ 1500 മണിക്കൂർ പരിശീലന നടത്തും. അതേസമയം ഇത് ഇന്ത്യയിലെത്തുക 2020മേയ് മാസത്തിലായിരിക്കും.
റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് അടുത്ത വർഷം മേയിൽ ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ സ്‌ക്വാഡ്രൺ ഹരിയാനയിലെ ആംബാല വ്യോമതാവളം ആസ്ഥാനമാകുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് തന്ത്രപ്രധാന വ്യോമതാവളത്തിലാണ് ആദ്യ ബാച്ചിനെ വിന്യസിക്കുന്നത്. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാൻ പ്രാപ്തിയുള്ള റാഫേൽ ആംബാല താവളമാക്കുന്നത് വളരെ പ്രധാനമാണ്.
18 യുദ്ധവിമാനങ്ങളാണ് ഗോർഡൻ ആരോസ് എന്ന് പേര് നൽകിയിരിക്കുന്ന ആംബാലയിലെ ആദ്യ സ്‌ക്വാഡ്രണിലുണ്ടാകുക. ആംബലിൽ അറ്റകുറ്റ സംവിധാനങ്ങൾ ഒരുക്കാനായി 220 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റാഫേൽ നിർമ്മാതാക്കളായ ഡസാൾട്ട് ഏവിയേഷന്റെ വിവിധ സംഘങ്ങൾ ഇതിനോടകം തന്നെ അംബാല സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. ബാക്കി 18 പോർ വിമാനങ്ങൾ സ്‌ക്വാഡ്രൺ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവർത്തിക്കുക.