പൂഞ്ഞാർ : കേരള രാഷ്ട്രീയത്തിലെ ഒറ്റയാനായ പി.സി.ജോർജ്ജിന് എൻ.ഡി.എ ബാന്ധവത്തിന്റെ പേരിൽ നൽകേണ്ടി വരുന്നത് കനത്ത വില. പി.സി.ജോർജ്ജിന്റെ സ്വന്തം പാർട്ടിയായ കേരള ജനപക്ഷത്തുനിന്നും ദിനംപ്രതി നേതാക്കൾ കൊഴിഞ്ഞു പോവുകയാണ്. കേരള ജനപക്ഷത്തിനു (സെക്കുലർ) പൂഞ്ഞാർ മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലും ഭരണം നഷ്ടപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. പാഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കാലുമാറിയതോടെയാണ് ജനപക്ഷം മെലിഞ്ഞ് തുടങ്ങിയത്. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റായ പ്രസാദ് തോമസാണ് ഒടുവിൽ പാർട്ടി വിട്ടത്. സ്വതന്ത്ര അംഗമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച പ്രസാദ് തോമസ് ജനപക്ഷത്തിന് ഒപ്പം ചേർന്നു പ്രവർത്തിച്ചു വരികയായിരുന്നു. ഇതോടെ പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ എവിടെയും ജനപക്ഷത്തിനു ഭരണമോ ഭരണ പങ്കാളിത്തമോ ഇല്ലാതായിരിക്കുകയാണ്. ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ആദ്യം ജനപക്ഷം വിട്ട് യു.ഡി.എഫിനൊപ്പം ചേർന്നിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് പി.സി.ജോർജ്ജ് വേദി പങ്കിട്ടിരുന്നു. ഇതു കൂടാതെ നിയമസഭയിലും ബി.ജെ.പിയുടെ ഏക എം.എൽ.എയായ ഒ. രാജഗോപാലുമായി ഐക്യപ്പെട്ടായിരുന്നു പി.സി.ജോർജ്ജിന്റെ പ്രവർത്തനം. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമരത്തിലൂടെയാണ് പി.സി.ജോർജ്ജ് ബി.ജെ.പിയുമായി അടുക്കുന്നത്. ആചാര സംരക്ഷണത്തിനായി യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കരുത് എന്ന നിലപാടായിരുന്നു ആദ്യം മുതൽക്കേ പി.സി.ജോർജ്ജ് സ്വീകരിച്ചിരുന്നത്.