നിലമ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങാൻ ഭാവിക്കുമ്പോഴാണ് സി.ഐ ഋഷികേശിന് കാൾ കിട്ടുന്നത്.
വിവരം കേട്ടശേഷം ഒരു നിമിഷം ചിന്തിച്ചിരുന്നു ഋഷികേശ്.
അയാൾ പിന്നെ എം.എൽ.എ ശ്രീനിവാസ കിടാവിനെ വിളിച്ചു വിവരം നൽകി.
എം.എൽ.എയും അനുജനും ഡെൽഹിക്കുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
സുരേഷ് കിടാവിനെതിരെ പീഡന പരാതി നൽകിയ ബാർ ഡാൻസറെ കാണാൻ. എത്രയും വേഗം സംഗതി ഒതുക്കി തീർത്തില്ലെങ്കിൽ കുഴപ്പമാകുമെന്ന് കിടാവിനറിയാം.
അനുജനുമായി കൂടിയാലോചിച്ചിട്ട് ശ്രീനിവാസ കിടാവ്, ഋഷികേശിനെ തിരികെ വിളിച്ചു.
''അപ്പുണ്ണി വൈദ്യരുടെ വീട്ടിൽ നിന്ന് പോയാൽ അലിയാരെ പിന്നെ നമുക്ക് തളയ്ക്കാനാവില്ല. എല്ലാവരെയും ജയിലിലാക്കാനുള്ള തെളിവുകളുമായാവും അവന്റെ രംഗപ്രവേശനം."
''സാർ... പക്ഷേ എസ്.പി കൂടെയുള്ളപ്പോൾ എനിക്ക് എന്തുചെയ്യാൻ കഴിയും?"
ഫോണിലൂടെ കിടാവിന്റെ അമർത്തിയ ചിരി കേട്ടു, ഋഷികേശ്.
''താൻ പ്രത്യക്ഷപ്പെടേണ്ട ഋഷീ. അലിയാരുമായാണ് ആ സംഘം മടങ്ങുന്നതെങ്കിൽ അക്കാര്യം അപ്പോൾത്തന്നെ എന്നെ അറിയിക്കുക. അവൻ കയറുന്ന വണ്ടി... നമ്പർ ഉൾപ്പെടെ. ബാക്കിയൊക്കെ എനിക്ക് വിട്ടേര്."
''ശരി സാർ."
കാൾ കട്ടു ചെയ്തിട്ട് ഋഷികേശ്, അപ്പുണ്ണി വൈദ്യരുടെ തറവാടിനു പുറത്തുള്ള പൊലീസുകാരനെ വിളിച്ചു.
**** ***** *****
എസ്.പി ഷാജഹാൻ, അപ്പുണ്ണി വൈദ്യരുടെ പൂമുഖത്ത് ഇരുന്നു.
മറ്റുള്ളവർ മുറ്റത്തു നിന്നതേയുള്ളൂ.
വൈദ്യർ, അലിയാരെക്കുറിച്ച് എസ്.പി യോട് സംസാരിച്ചു.
അലിയാർ സാറിന് നല്ല മാറ്റമുള്ള നിലയ്ക്ക് ഞാൻ പറയുന്നതുപോലെ ശ്രദ്ധിച്ചു ചെയ്താൽ.. ഏറിയാൽ ഒരു മൂന്നു മാസം കൂടി. പഴയതിൽ കരുത്തോടെ അദ്ദേഹത്തിനു സർവ്വീസിൽ തിരികെയെത്താൻ കഴിയും."
ഷാജഹാനു സന്തോഷമായി.
''വൈദ്യർ പറയുന്നതുപോലെ ഞങ്ങൾ ചെയ്തോളാം."
വൈദ്യന്റെ ഒരു ശിഷ്യൻ, അലിയാർക്ക് ആവശ്യമുള്ള മരുന്നുകളും എണ്ണയും കുഴമ്പുമൊക്കെ കൊണ്ടുവന്നു.
മുറ്റത്തു നിന്നിരുന്നവരിൽ ഒരാൾ അതൊക്കെ വാങ്ങി ഭദ്രമായി കാറിൽ കൊണ്ടുവച്ചു.
എല്ലാ കണ്ണുകളും തറവാടിന്റെ വാതിലിനു നേരെയാണ്.
പെട്ടെന്ന് സി.ഐ അലിയാരും വൈദ്യന്റെ ഒരു ശിഷ്യനും ഇറങ്ങിവന്നു.
''അലിയാർ സാർ..."
മുറ്റത്തു നിന്നിരുന്നവർ ഒന്നിച്ചു വിളിച്ചു.
അലിയാർ അവരെ നോക്കി. ഓർമ്മയിൽ നിന്ന് ഓരോ മുഖവും ചികഞ്ഞെടുക്കുന്നതു പോലെ.... ക്രമേണ ആ മുഖത്ത് ഒരു ചിരി മിന്നി.
''അലിയാർ."
കസേരയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് എസ്.പി ഷാജഹാൻ ചുണ്ടനക്കി.
അപ്പോഴാണ് അലിയാർ അയാളെ കാണുന്നത്.
''സാർ... " അയാളുടെ കണ്ണുകളിൽ വിസ്മയം.
ഒപ്പം പെട്ടെന്ന് അലിയാർ തന്റെ മേലുദ്യോഗസ്ഥനു സല്യൂട്ടു നൽകി.
ഷാജഹാനു സന്തോഷമായി. ഇവൻ തന്നെ തിരിച്ചറിഞ്ഞല്ലോ. ആശ്വാസം!
''എങ്കിൽ നമുക്ക് പുറപ്പെടാം."
അലിയാർ തലയാട്ടി.
ഷാജഹാൻ അപ്പുണ്ണിവൈദ്യരോടും ശിഷ്യന്മാരോടും യാത്ര പറഞ്ഞു.
ഒപ്പം ഒരു തടിച്ച കവർ എടുത്ത് വൈദ്യരുടെ കയ്യിൽ പിടിപ്പിച്ചു.
''താങ്കൾ കണക്കുപറഞ്ഞ് ഒന്നും വാങ്ങില്ലെന്ന് അറിയാം. ഇത് ഞങ്ങളുടെ സന്തോഷത്തിന്, ഒരു ദക്ഷിണയായി കരുതിയാൽ മതി."
വൈദ്യർ നിരസിച്ചില്ല.
ആ പൊതി തന്റെ ശിഷ്യനു കൈമാറി.
വാഹനങ്ങൾക്ക് അരികിൽ വരെ വൈദ്യരും അവർക്കൊപ്പം ചെന്നു.
എസ്.പി വന്ന എക്സ് യൂവിലാണ് അലിയാരെ കയറ്റിയത്.
മൂന്നു വാഹനങ്ങളും മുറ്റത്ത് ഒരു വേപ്പുമരത്തെ ചുറ്റി പുറത്തേക്കു കുതിച്ചു.
എക്സ് യൂവിയുടെ പിൻസീറ്റിലായിരുന്നു എസ്.പി ഷാജഹാനും സി.ഐ അലിയാരും.
എല്ലാം ശ്രദ്ധിച്ചു പുറത്തുണ്ടായിരുന്ന പോലീസുകാരൻ അപ്പോൾത്തന്നെ വിവരം സി.ഐ ഋഷികേശിനെ അറിയിച്ചു.
ഋഷികേശ് എം.എൽ.എ ശ്രീനിവാസ കിടാവിനെയും.
പതിനഞ്ചു മിനിട്ടു കഴിഞ്ഞു.
നിലമ്പൂർ - പട്ടാമ്പി റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു വാഹനങ്ങൾ.
ഇരുൾ വീണിരുന്നു.
ഏറ്റവും മുന്നിൽ എക്സ് യൂവി ആയിരുന്നു.
കാറിന്റെ പകുതി ഭാഗം മെയിൻ റോഡിലേക്കു തിരിഞ്ഞു.
അടുത്ത നിമിഷം...
നിലമ്പൂർ ഭാഗത്തുനിന്ന് ഒരു ടിപ്പർ ലോറി പാഞ്ഞടുത്തു.. തീക്കണ്ണുകളുമായി.
അതിന്റെ ഡ്രൈവർ സീറ്റിൽ പരുന്ത് റഷീദ് ആയിരുന്നു.
എതിർഭാഗത്ത് അണലി അക്‌ബറും ഉണ്ട്.
''ഇടിച്ചു തെറുപ്പിക്ക്." അണലി അലറി.
പരുന്ത് ആക്സിലറേറ്ററിൽ ഒന്നുകൂടി കാൽ അമർത്തി.
ടിപ്പറിന്റെ വരവുകണ്ട് എസ്.പി ഷാജഹാൻ എന്തോ വിളിച്ചു പറയുവാൻ ഭാവിച്ചു.
ആ സെക്കന്റിൽ ഒരു ഭയങ്കര ശബ്ദം....
എക്സ് യൂവിയുടെ മദ്ധ്യഭാഗത്താണ് ടിപ്പർ ഇടിച്ചത്....
കളിപ്പാട്ടം പോലെ അത് പലവട്ടം ഉരുണ്ട് തൊട്ടടുത്ത പറമ്പിലേക്കു മറിഞ്ഞു...
(തുടരും)