ലണ്ടൻ: 2019 ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാന്റെ സെമി പ്രതീക്ഷയ്ക്ക് മങ്ങലോ?അതോ 1992 ആവർത്തിക്കുമോ. ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉയർത്തുന്ന ചോദ്യമാണിത്. എന്നാൽ, 1992ന് ശേഷം ആദ്യമാണ് ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്കെത്തുന്നത്. 9 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായാണ് ആതിഥേയർ ലോകകപ്പ് പോയിന്റ് പട്ടികയിൽ ഇടംപിടിച്ചത്. ആസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾക്കൊപ്പം ന്യൂസിലൻഡും സെമിയിലെത്താനാണ് സാദ്ധ്യത. ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് +0.175ഉം അഞ്ചാം സ്ഥാനക്കാരായ പാകിസ്ഥാന്റെ നെറ്റ് റൺറൈറ്റ് മൈനസ് 0.792ഉം ആണ്. പാകിസ്ഥാൻ സെമിയിലെത്തണമെങ്കിൽ നാളെ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 316 റൺസിന്റെ ജയം നേടണം.
1992 ൽ അവരുടെ വിജയം അണിനിരത്തിയാണ് പാക് പ്രചരണം. ഏറെ സമാനതകളാണ് ഇപ്പേോഴത്തെ മത്സരവുമായി. എന്നാൽ, അവരുടെ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിറുത്താൻ ഇന്ത്യയെയും ന്യൂസിലൻഡിനെയും ആശ്രയിക്കേണ്ടി വന്നു. ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടതോടെ സെമി ഫൈനലിലെത്താനുള്ള പാകിസ്ഥാന്റെ സാധ്യതകളാണ് മങ്ങിയത്.
പാകിസ്ഥാന് തുടക്കം തന്നെ പാളിയിരുന്നു. പക്ഷേ കിരീടത്തിലേക്കെത്തിയ 1992ലെ ലോകകപ്പിൽ കണ്ട അതേ തുടക്കമാണ് 2019 ലോകകപ്പിലും പാകിസ്ഥാന് ലഭിച്ചതെന്നാണ് ആരാധകർ പറയുന്നത്. പാകിസ്ഥാന്റെ മൂന്നാമത്തെ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് ക്രിക്കറ്റ് ലോകം ആ സാമ്യത തിരിച്ചറിഞ്ഞത്. ഈ സാമ്യത ചൂണ്ടിക്കാട്ടി, 1992ലേത് പോലെ ഇത്തവണയും പാകിസ്ഥാന്‍ കിരീടം ചൂടുമെന്നാണ് പാക് ആരാധകരുടെ വാദം.
1992ലെ പാകിസ്ഥാന്റെ നാലാമത്തെ മത്സരം ഇന്ത്യയ്‌ക്കെതിരെ ആയിരുന്നു. അന്ന് 43 റൺസിന് ഇന്ത്യയോട് പാകിസ്ഥാൻ തോറ്റു. എന്നാൽ, 1992 ലോകകപ്പിലെ പോലെ ഈ ലോകകപ്പിൽ പിന്നീട് പാകിസ്ഥാൻ തിരിച്ചുവരവ് സാദ്ധ്യമല്ലെന്ന് വേണം കരുതാൻ. കാരണം മത്സരങ്ങളുടെ എണ്ണം തന്നെ. അന്ന് ലോകകപ്പിലെ പാകിസ്ഥാന്റെ ആദ്യ മത്സരം വിൻഡീസിനോടായിരുന്നു 10 വിക്കറ്റിനായിരുന്നു ടീം തോറ്റത്.
ഇത്തവണയും പാക് പടയുടെ ആദ്യ മത്സരം കരീബിയൻ സംഘത്തോട് തന്നെ തോൽവി 7 വിക്കറ്റിനും. രണ്ടാം മത്സരത്തിൽ അന്ന് സിംബാബ്‌വേയോട് പൊരുതിയ പാകിസ്ഥാന്‍ 53 റൺസിന്റെ ജയം നേടി. ഇത്തവണത്തെ രണ്ടാമങ്കത്തിൽ ജയം ഇംഗ്ലണ്ടിനോട് ജയം 14 റൺസിന്. 1992ൽ പാകിസ്ഥാന്‍ ഇംഗ്ലണ്ട് മത്സരമായിരുന്നു മഴമൂലം ഉപേക്ഷിക്കപ്പെട്ടത്. ഇത്തവണ ശ്രീലങ്കയ്‌ക്കെതിരെയും.
ഇന്ത്യയുടെ സെമി എതിരാളികൾ ആരെന്നറിയണമെങ്കിൽ ശനിയാഴ്‌ച വരെ കാത്തിരിക്കണം. അന്നത്തെ ഇന്ത്യ- ശ്രീലങ്ക, ആസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരങ്ങളാകും സെമി തീരുമാനിക്കുക. ആസ്ട്രേലിയ തോൽക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താൽ നീലപ്പട ഒന്നാം സ്ഥാനക്കാരാകും അങ്ങനെയങ്കിൽ നാലാം സ്ഥാനക്കാരെയാകും ഇന്ത്യ സെമിയിൽ നേരിടുക. മിക്കവാറും ന്യൂസിലൻഡിനെ. ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ തോൽപ്പിച്ചാൽ ഇന്ത്യ രണ്ടാം സ്ഥാനക്കാരാകും. അപ്പോൾ ആതിഥേയരായ ഇംഗ്ലണ്ടാകും സെമിയിൽ എതിരാളികൾ.