tiger-wayanad

പുൽപള്ളി: കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ബത്തേരി- പുൽപ്പള്ളി റൂട്ടിൽ ബൈക്ക് യാത്രികരുടെ പിന്നാലെ ഓടുന്ന കടുവയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. എന്നാൽ ദൃശ്യങ്ങൾ എവിടെനിന്ന് ഉള്ളതാണ് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് വനം വകുപ്പ്. ചെതലയം-കുറിച്യാട് റേഞ്ചുകളുടെ അതിർത്തിയിലെ പാമ്പ്രയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി വനം വകുപ്പ് അറിയിച്ചു.

അതേസമയം ഈ വീഡിയോയുടെ ഉറവിടവും അത് വൈറലായതിനെപ്പറ്റിയും അറിയില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. സമീപവാസികൾ ഈ സ്ഥലം തിരിച്ചറിഞ്ഞതോടെയാണ് വിവാദങ്ങൾക്ക് അവസാനമായത്. കടുവയെ തിരിച്ച് കാട്ടിലേക്ക് കയറ്റാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.

ഈ പ്രദേശത്ത് പോയി കടുവയെ കാണാനോ രംഗങ്ങൾ ചിത്രീകരിക്കാനോ ശ്രമിക്കരുതെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ചെതലയം റേഞ്ച് ഓഫീസർ വി.രതീശൻ പറഞ്ഞു. കടുവയുടെ നീക്കങ്ങളറിയാൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.