ന്യൂഡൽഹി : പശുവളർത്തലിലൂടെ ഉപജീവനം നയിക്കുന്നവർക്ക് മുന്നിൽ ടൂറിസത്തിന്റെ സാദ്ധ്യതകളും തുറന്നിടുകയാണ് കേന്ദ്ര സർക്കാർ. രണ്ടാം മോദി സർക്കാർ ടൂറിസം മേഖലയിൽ രാജ്യത്തെ കർഷകരുടെ പങ്ക് കൂടി ഉറപ്പാക്കുകയാണ്. ഇതിനായി നാടൻ ഇനത്തിലുള്ള പശുക്കളെ വളർത്തുന്നവരെ കൂടി ഉൾപ്പെടുത്തി കൗ സർക്യൂട്ട് പദ്ധതി തുടങ്ങാനാണ് കേന്ദ്രത്തിന്റെ തീരുമാനം. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ ഇന്ത്യയിലെ മൃഗസംരക്ഷണത്തെ കുറിച്ചും, പശുപരിപാലനത്തെ കുറിച്ചും അറിയാനാഗ്രഹിക്കുന്നവരെ കർഷകർക്ക് മുന്നിൽ എത്തിക്കുന്നതാണ് ഈ പദ്ധതി. വിദേശ രാജ്യങ്ങളിൽ മൃഗപരിപാലനത്തെ കുറിച്ച് ഗവേഷണം ചെയ്യുന്നവർക്ക് ഈ പദ്ധതി ഏറെ ഗുണകരമായിരിക്കും.
രാജ്യത്തെ എട്ട് സംസ്ഥാനങ്ങളെയാണ് കൗ സർക്യൂട്ട് പദ്ധതിയിലേക്ക് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളം, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക , ഗോവ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പശു ഫാമുകളാണ് വിദേശികൾക്ക് സന്ദർശിക്കാനാവുക. കേരളത്തിന്റെ തനത് നാടൻ ഇനമായ വെച്ചൂർ പശുവിനെ വളർത്തുന്ന കർഷകർക്ക് ഈ പദ്ധതി ഏറെ നേട്ടമാവുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയുടെ ഭാഗമായാണ് കൗ സർക്യൂട്ട് പദ്ധതി വികസിപ്പിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിൽ നാനൂറ് പശു ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കുവാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പശു പരിപാലന കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനായി കർഷകർക്ക് ഉദാര വ്യവസ്ഥകളോടെ വായ്പ ലഭ്യമാക്കും. വൻ പദ്ധതികൾക്ക് രണ്ട് കോടിവരെ ഇത്തരത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കും.