rahul-gandhi-

മുംബയ്: മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ആർ.എസ്.എസിനെയും ബി.ജെ.പിയെയും ബന്ധപ്പെടുത്തിയ കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടകേസിൽ രാഹുൽ ഇന്ന് കോടതിയിൽ ഹാജരായി. കേസിൽ താൻ കുറ്റക്കാരനല്ലെന്ന് രാഹുൽ കോടതിയെ അറിയിച്ചു. കേസിൽ രാഹുൽ ഗാന്ധിക്ക് മസഗോൺ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ചതിന് പിന്നാലെയാണ് രാഹുൽ കോടതിയിൽ ഹാജരായത്.

ആർ.എസ്.എസ് പ്രവർത്തകനായ ധ്രുതിമാൻ ജോഷി 2017ലാണ് രാഹുൽ ഗാന്ധിക്കും സി.പി.എം നേതാവ് സീതാറാം യെച്ചൂരിക്കും അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കുമെതിരേ മാനനഷ്ടത്തിന് കേസ് നൽകിയത്. 2017ലാണ് മാദ്ധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വീടിനു മുന്നിൽ വെടിയേറ്റ് മരിക്കുന്നത്. ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ പ്രത്യയ ശാസ്ത്രത്തിനെതിരേ സംസാരിക്കുന്നവരെ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്, എന്നായിരുന്നു രാഹുൽ ഗാന്ധി ഗൗരിലങ്കേഷിന്റെ വധത്തെ തുടർന്ന് പ്രതികരിച്ചത്. സമാനമായ പ്രതികരണമാണ് സീതാറാം യെച്ചൂരിയും നടത്തിയിരുന്നു.

ഇതിനെതിരെയാണ് ജോഷി ഹർജി നൽകിയത്. കോടതി ഇരുവരോടും ഹാജരാകാൻ പറഞ്ഞെങ്കിലും വ്യക്തികൾ നടത്തുന്ന പരമാർശത്തിൽ പാർട്ടി കക്ഷിയാവേണ്ടതില്ല എന്ന് പറഞ്ഞ് സോണിയ ഗാന്ധിക്കെതിരേയും സി.പി.എമ്മിനെതിരേയുമുള്ള ഹർജി കോടതി തള്ളി. മഹാത്മാ ഗാന്ധി വധത്തിന്റെ പേരിൽ ആർ.എസ്.എസിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനെതിരേ മറ്റൊരു മാനനഷ്ട കേസും രാഹുൽ ഗാന്ധി നേരിടുന്നുണ്ട്.