ksrtc

കല്ലമ്പലം: വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചുണ്ടായ അപകടത്തിൽ പരക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡപ്പോയിലെ ഡ്രൈവർ മരിച്ചു. പുതുശ്ശേരിമുക്ക് പുളിയറക്കോണം കോളനിയിൽ നെല്ലിക്കുന്ന് വിളവീട്ടിൽ പി.പ്രകാശാണ് മരിച്ചത്. കഴിഞ്ഞ മാസം 15ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സിയും എതിർ ദിശയിൽ നിന്ന് വന്ന കോൺക്രീറ്റ് മികിസിംഗ് യൂണിറ്റ് വാഹനവും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിച്ച ഉടൻ തന്നെ ഡ്രൈവർ പ്രകാശ് ബസിന്റെ ഹൈട്രോളിക് സിസ്റ്റം പ്രവർത്തിപ്പിച്ച് ഡോറുകൾ രണ്ടും തുറന്ന് യാത്രക്കാരോട് എത്രയും വേഗം പുറത്തിറങ്ങാൻ പറഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ഡോറുകൾ തുറന്നതോടെ യാത്രക്കാർ കൂട്ടത്തോടെ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടെങ്കിലും ആകെ ഉണ്ടായിരുന്ന 22 യാത്രക്കാരിൽ 18 പേർക്ക് പരക്കേറ്റു.

ബസ് കണ്ടക്ടർ പള്ളിക്കൽ മാന്താനത്ത് കാട്ടിൽ വീട്ടിൽ സജീം ഉടൻ പുകപടലത്തിനിടയിലൂടെ പ്രകാശിനടുത്തേക്ക് വരികയും ബലം പ്രയോഗിച്ച് നാട്ടുകാരുമായി ചേർന്ന് സീറ്റിളക്കി പുറത്തേക്കിടുകയുമായിരുന്നു. ആ സമയത്തും പ്രകാശ് നിങ്ങൾ രക്ഷപ്പെട്ടോളൂ എന്നുപറഞ്ഞതായി സജീം ഓർക്കുന്നു. അപ്പോഴേക്കും ശരീരത്തിന്റെ ഇടതു ഭാഗത്ത് നാല്പത് ശതമാനത്തോളം പോള്ളലേറ്റിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ കണ്ടക്ടർ നജീമിന്റെ കഴുത്തിന് പിൻഭാഗത്തും പോള്ളലേറ്റു. നജീം ഇപ്പോഴും ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്. ചികിത്സയിലായിരുന്ന പ്രകാശിന് അഞ്ചുദിവസം മു9പ് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇന്നലെ വൈകിട്ട് 4.30 ന് മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: സിന്ധു. മക്കൾ: അഖില, അഖിൽ.