ജറുസലേം:ഇസ്രയേലിന്റെ 71ാം സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി മദ്യക്കുപ്പികളിൽ മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ പതിപ്പിച്ച ഇസ്രയേൽ കമ്പനി മാപ്പ് പറഞ്ഞു. മാൽക്ക ബിയറാണ് മഹാത്മാഗാന്ധിയുടെ ചിത്രം പതിച്ചത്. ഇസ്രയേലിലെ ഇന്ത്യൻ നയതന്ത്ര കര്യാലയം ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഖേദം പ്രകടിപ്പിച്ചത്. മഹാന്മാരെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം ചെയ്തതെന്നാണ് കമ്പനിയുടെ വാദം.
ഇന്ത്യൻ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും വികാരം മനസിലാക്കി മാപ്പു പറയുന്നുവെന്നും മഹാത്മാഗാന്ധിയെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ബ്രാൻഡ് മാനേജർ ഗിലാദ് ദ്രോദ് വ്യക്തമാക്കി. ലിമിറ്റഡ് എഡിഷനിൽ പുറത്തിറക്കിയ മദ്യക്കുപ്പികളിൽ മുൻ ഇസ്രയേൽ പ്രധാനമന്ത്രിമാരായ ഡേവിഡ് ബെൻ ഗുറിയോൺ, ഗോൾഡ് മേയർ എന്നിങ്ങനെ നിരവധി പ്രമുഖരുടെ ചിത്രങ്ങളും ഇത്തരത്തിൽ കുപ്പികളിൽ പതിപ്പിച്ചിട്ടുണ്ട്.
അതേസമയം മദ്യക്കുപ്പികളിൽ ചിത്രം പതിപ്പിച്ച പ്രമുഖരിൽ ഇസ്രയേലുകാരനല്ലാത്ത ഒരേയൊരു വ്യക്തി മഹാത്മാ ഗാന്ധിയാണ്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ വിദേശകാര്യമന്ത്രി എസ് ജയ് ശങ്കറിനോട് സഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡു നിർദേശം നൽകി.