ശബരിമല യുവതി പ്രവേശന വിധി മറികടക്കാൻ ഭരണഘടനാ ഭേദഗതി അടക്കമുള്ള നിയമ നിർമ്മാണം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ലോക്സഭയിൽ കൃത്യമായി മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ നിയമ മന്ത്രിയുടെ അഭിപ്രായത്തെ പരിഹസിച്ച് സി.പി.എം നേതാവ് പി.രാജീവ്. ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.
ശബരിമല വിഷയത്തിൽ ആചാര സംരക്ഷണം ഉറപ്പാക്കും എന്ന് ബി.ജെ.പിയുടെ ദേശീയ നേതാക്കളടക്കം തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലെത്തിയപ്പോൾ പ്രസംഗിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർത്തിയ പ്രധാന വിഷയവും ആചാര സംരക്ഷണമായിരുന്നു. എന്നാൽ ഈ നിലപാടിൽ നിന്നും ഏറെ പിന്നോട്ടാണെന്ന തരത്തിലാണ് നിയമമന്ത്രി ലോക്സഭയിൽ നൽകിയ മറുപടി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ നിയമ നിർമ്മാണം പരിഗണിക്കുന്നുണ്ടോ എന്ന ശശി തരൂരിന്റെയും ആന്റോ ആന്റണിയുടെയും ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലാണെന്ന ഒറ്റ വരി മറുപടിയാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് നൽകിയത്. ഇതേ സമയം ശബരിമല വിവാദം അവസാനിച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞതും ചർച്ചയായിട്ടുണ്ട്. ഉത്തരവാദിത്വമുള്ള ഒരു മന്ത്രിക്ക് അങ്ങനെ മാത്രമേ പറയാൻ സാധിക്കുകയുള്ളുവെന്നും ശ്രീധരൻപിള്ള പ്രതികരിച്ചിരുന്നു.
സുപ്രീം കോടതി വിധിയിൽ നിയമനിർമ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നതാണ് കേന്ദ്രമന്ത്രി നൽകിയ ഒറ്റ വാചക മറുപടിയുടെ ലളിത മലയാളമെന്നും പി.രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചോദ്യവും ഉത്തരവും നോക്കു. സംസ്ഥാന നിയമം കൊണ്ടു വന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാർടിയുടെ എം.പിയാണ് കേന്ദ്ര നിയമം കൊണ്ടു വരുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ,സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാർടിയുടെ മന്ത്രിയാണ് മറുപടി നൽകിയിരിക്കുന്നത്. സുപ്രീം കോടതി വിധിയിൽ നിയമനിർമ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളം .
ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെ?