കർഷകരുടെയും ഇടത്തട്ടുകാരുടെയും ക്ഷേമവും രാജ്യത്തിന്റെ വികസനവും ലക്ഷ്യമിട്ട ലളിതമായ ബഡ്ജറ്രാണ് ധനമന്ത്രിയുടെ അധിക ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത്. ജനപ്രിയ പ്രഖ്യാപനങ്ങൾ നിറഞ്ഞുനിന്ന ആ ഇടക്കാല ബഡ്ജറ്റിന്റെ പ്രധാനലക്ഷ്യം പക്ഷേ, തിരഞ്ഞെടുപ്പായിരുന്നു. അമ്പരപ്പിക്കുന്ന വിജയവുമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിലേറി. രണ്ടാം നരേന്ദ്രമോദി സർക്കാരിൽ, ഇന്ത്യയുടെ ആദ്യ 'ഫുൾടൈം വനിതാ ധനമന്ത്രി" എന്ന പെരുമയുമായി നിർമ്മല സീതാരാമൻ ഇന്ത്യയുടെ ധനവകുപ്പിന്റെ ചുമതലയും ഏറ്റെടുത്തു. ഇന്ന് രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിക്കുന്ന നിർമ്മലാ സീതാരാമന് മുന്നിലെ വെല്ലുവിളികൾ ചില്ലറയല്ല !
ഇന്ത്യയെ 2025ഓടെ അഞ്ചുലക്ഷം കോടി ഡോളറും 2030ഓടെ പത്തുലക്ഷം കോടി ഡോളറും മൂല്യമുള്ള സമ്പദ്വ്യവസ്ഥയാക്കി വളർത്തുകയെന്ന 'വിഷൻ 2030" വികസന നിർദ്ദേശം കഴിഞ്ഞ ബഡ്ജറ്രിലുണ്ടായിരുന്നു. എന്നാൽ, ഈ 'വിഷൻ" പൂവണിയിക്കാൻ ഇന്ത്യയുടെ സകല സമ്പദ്രംഗങ്ങളെയും ഉടച്ചുവാർക്കേണ്ട ഉത്തരവാദിത്വമാണ് ധനമന്ത്രിയുടേത്.
7-8 ശതമാനം ജി.ഡി.പി വളർച്ചയുടെ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടവുമായി മുന്നേറിയ ഇന്ത്യ, കഴിഞ്ഞ വർഷം തകർന്നു വീണു. അഞ്ചുവർഷത്തെ ഏറ്റവും മോശം വളർച്ചയായ 5.8 ശതമാനത്തിലേക്ക് ഇക്കഴിഞ്ഞ ജനുവരി -മാർച്ചിൽ വളർച്ച കൂപ്പുകുത്തി. തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും കൂടിയ നിലയിലാണുള്ളത്.
നഷ്ടങ്ങളുടെയും മൂലധന പ്രതിസന്ധിയുടെയും നടുവിൽ നട്ടംതിരിയുകയാണ് ബാങ്കിംഗ് മേഖല. വിലത്തകർച്ചയും കടക്കെണിയും കാർഷിക മേഖലയെ തളർത്തി. ഗ്രാമീണ സമ്പദ്രംഗവും ക്ഷീണിച്ചു. വ്യവസായ-വാണിജ്യ മേഖല മാന്ദ്യപാതയിലാണ്. കയറ്റുമതിയിൽ മുന്നേറ്റമില്ല. വാഹനവിപണിയും നഷ്ടത്തിലാണ്. ധനക്കമ്മി ജി.ഡി.പിയുടെ 3.4 ശതമാനത്തിൽ നിയന്ത്രിക്കുക, നികുതിഘടനയിലെ ആശയക്കുഴപ്പം ഒഴിവാക്കുക എന്നീ വെല്ലുവിളികൾക്കും ബഡ്ജറ്റ് പരിഹാരം നിർദ്ദേശിക്കേണ്ടതുണ്ട്.
കാർഷിക രംഗം
2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിലത്തകർച്ചയും കൃഷിനാശവും കടക്കെണിയും മൂലം അസ്വസ്ഥരാണ് കൃഷിക്കാർ. കേന്ദ്ര സ്കീമുകൾക്കുള്ള തുക 67,800 കോടി രൂപയിൽ നിന്ന് ഇടക്കാല ബഡ്ജറ്രിൽ 1.29 ലക്ഷം കോടിയായി ഉയർത്തിയിരുന്നു. ഇന്ന്, തുക കൂടുതൽ വർദ്ധിപ്പിച്ചേക്കും. പി.എം-കിസാൻ, വിലസ്ഥിരതാ പദ്ധതി, യന്ത്രവത്കരണം എന്നിവയ്ക്കും പ്രാധാന്യം നൽകും.
പി.എം-കിസാൻ പദ്ധതിയിലൂടെ പ്രതിവർഷം 6,000 രൂപയാണ് നിലവിൽ കർഷകർക്ക് നൽകുന്നത്. ഇത് 8,000 രൂപയാക്കിയേക്കും. 60 വയസ് തികഞ്ഞ കർഷകർക്ക് പെൻഷനും പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്. പലിശ-രഹിത കിസാൻ ക്രെഡിറ്റ് കാർഡ് വഴി കർഷകർക്ക് ഒരുലക്ഷം രൂപവരെ വായ്പ ലഭ്യമാക്കുമെന്നാണ് സൂചന . കീടനാശിനികൾക്ക് നിലവിൽ 18 ശതമാനമാണ് ജി.എസ്.ടി. ഇത് അഞ്ചു ശതമാനമാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ തീരുമാനം ഉണ്ടായേക്കില്ല. ജലസേചനം, ഭക്ഷ്യസംസ്കരണം തുടങ്ങിയ അനുബന്ധ മേഖലകൾക്കും കാര്യമായ പരിഗണന ബഡ്ജറ്രിലുണ്ടാകും.
ആദായനികുതി
അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ഇടക്കാല ബഡ്ജറ്രിൽ ആദായ നികുതി അടയ്ക്കുന്നതിൽ നിന്ന് റിബേറ്ര് മുഖേന ഒഴിവാക്കിയിരുന്നു. എന്നാൽ, ഇവരുടെ വരുമാനം അഞ്ചുലക്ഷം രൂപ കവിഞ്ഞാൽ, 2.50 ലക്ഷം രൂപ മുതൽക്കുള്ള വരുമാനത്തിന്റെ നികുതി അടയ്ക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥ ഒഴിവാക്കാൻ ധനമന്ത്രി ശ്രമിച്ചേക്കും. സെക്ഷൻ 80 സി., 80 സി.സി.ഡി., 80 ടി.ടി.എ തുടങ്ങിയവ പ്രകാരം നിലവിൽ 7.75 ലക്ഷം രൂപവരെ നികുതിയിളവ് നേടാം. സെക്ഷൻ 80 സി പ്രകാരമുള്ള ആദായ നികുതി ഇളവിന്റെ പരിധി ഒന്നരലക്ഷം രൂപയാണ്. ഇത്, രണ്ടുലക്ഷം രൂപയാക്കിയേക്കും. രണ്ട് വീടുള്ള ഒരാൾക്ക് രണ്ടാമത്തെ വീടിന്റെ വാടക വരുമാനത്തിൽ നികുതിയിളവ് പ്രതീക്ഷിക്കാം.
വ്യവസായം
പണലഭ്യതക്കുറവ്, വില്പനമാന്ദ്യം, ഉയർന്ന നികുതി എന്നിവയാൽ പൊറുതി മുട്ടിയിരിക്കുകയാണ് വ്യവസായ-വാണിജ്യ രംഗം. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) എന്നിവ നേരിടുന്ന മൂലധന പ്രതിസന്ധി മറികടക്കാനും വായ്പാ ലഭ്യത കൂട്ടാനും നടപടിയുണ്ടാകും. കൂടുതൽ പൊതുമേഖലാ ബാങ്കുകളുടെ ലയന പ്രഖ്യാപനവും പ്രതീക്ഷിക്കാം.
കോർപറേറ്റ് നികുതി 30ൽ നിന്ന് 25 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. ഹൗസിംഗ്, റിയൽ എസ്റ്രേറ്ര്, ആട്ടോമൊബൈൽ മേഖലകൾക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങളും ബഡ്ജറ്രിലുണ്ടായേക്കും.
ടൂറിസം, അടിസ്ഥാനസൗകര്യം
റോഡ്, പാലം, വിമാനത്താവളം, റെയിൽ, മെട്രോ, അതിവേഗ ഇടനാഴി, വ്യവസായ ഇടനാഴി എന്നിവയ്ക്ക് ഇക്കുറിയും പ്രാമുഖ്യം ലഭിക്കും. റോഡുകളുടെ നിലവാരം ഉയർത്തുക, മാലിന്യ നിർമ്മാർജ്ജനത്തിന് മികച്ച പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ടൂറിസം രംഗത്തുള്ളവരും പ്രധാനമായും ഉന്നയിക്കുന്നത്. ഹോട്ടൽമുറി നികുതി നിലവിൽ നിലവാരമനുസരിച്ച് 18 ശതമാനവും 28 ശതമാനവുമുണ്ട്. ഇത്, 18 ശതമാനത്തിന് താഴെ ഏകീകരിക്കണമെന്നും ആവശ്യമുണ്ട്.
സമ്പദ് വളർച്ചയ്ക്ക് ഊന്നൽ
''സമ്പദ് വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളായിരിക്കും ഇക്കുറി ബഡ്ജറ്രിന്റെ കാതൽ. നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം, കാർഷിക മേഖലകളാണ് ജി.ഡി.പിയുടെ നട്ടെല്ല്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പുതിയ കമ്പനികൾക്ക് ആദ്യ മൂന്നു മുതൽ അഞ്ചുവർഷത്തേക്ക് ടാക്സ് റിബേറ്ര് നൽകിയേക്കും. ഉപഭോക്തൃ വാങ്ങൽ ശേഷി കൂട്ടാൻ സെക്ഷൻ 80 സി പ്രകാരമുള്ള നികുതിയിളവ് ഒന്നരലക്ഷം രൂപയിൽ നിന്ന് രണ്ടരലക്ഷം രൂപവരെയായി ഉയർത്താൻ സാദ്ധ്യത കാണുന്നു" .
ബാബു എബ്രഹാം കള്ളിവയലിൽ,
ചാർട്ടേഡ് അക്കൗണ്ടന്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ്അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) ദേശീയ കൗൺസിൽ അംഗം