നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ തിലകൻ അഭിനയിച്ച അനന്തൻ നമ്പ്യാരെ മലയാള സിനിമാ പ്രേക്ഷകർ മറന്ന് കാണില്ല. പേടിത്തൊണ്ടനായ അനന്തൻ നമ്പ്യാരിലൂടെ തനിക്ക് കോമഡി രംഗങ്ങളും വഴങ്ങുമെന്ന് തിലകൻ തെളിയിച്ചു. ഇപ്പോഴിതാ 1988 ൽ പുറത്തിറങ്ങിയ നാടോടിക്കാറ്റിൽ താൻ നടത്തിയ ഒരു തട്ടിപ്പിനെക്കുറിച്ച് ഒരു പ്രമുഖ മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ മനസ് തുറന്നിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.
'തിലകൻ ചേട്ടന് ഡേറ്റ് പ്രശ്നം കാരണം ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിംഗിന് എത്താൻ സാധിച്ചില്ല. ചാലക്കുടിയിൽവെച്ച് അദ്ദേഹത്തിന്റെ കാറും ആക്സിഡന്റായി. മൂന്ന് മാസം റെസ്റ്റ് എടുക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. ക്ലൈമാക്സ് സീൻ ചേട്ടനില്ലാതെ എങ്ങനെ ചെയ്യുമെന്നായി ചിന്ത. രണ്ട് ദിവസത്തെ തലപുകഞ്ഞുള്ള ആലോചനയ്ക്കൊടുവിൽ ഈ പ്രതിസന്ധി മറികടക്കാൻ ഒരു വഴി കണ്ടെത്തി.
പവനായിയെ കൊണ്ടുവരാൻ അനന്തൻ നമ്പ്യാർ പറയുന്ന രംഗം ഉണ്ട്. ഇതിന് തിലകൻ ചേട്ടന് വരാൻ സാധിക്കാത്തത് കൊണ്ട് സഹായിയെക്കൊണ്ട് അഡീഷണൽ ഒരു ഡയലോഗ് പറയിപ്പിച്ചു. അനന്തൻ നമ്പ്യാർ പറഞ്ഞത് പോലെ ഇനി പവനായി വന്നാലെ രക്ഷയുള്ളു എന്നായിരുന്നു ആ ഡയലോഗ്.പിന്നെയുള്ളത് ക്ലൈമാക്സ് സീനായിരുന്നു. കോസ്റ്റ്യൂമർ കുമാറിനെ ഡ്യൂപ്പാക്കി വൈഡിൽ ക്യാമറവെച്ച് ആ രംഗങ്ങൾ എടുത്തു.'- സത്യൻ അന്തിക്കാട് കുറിച്ചു. ഈ രഹസ്യം താൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും ആർക്കും ആ തട്ടിപ്പ് മനസിലായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.