തിരുവനന്തപുരം: റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വധീനിക്കാൻ ഒരു മന്ത്രി ഇടപെടുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ഉരുട്ടിക്കൊലയുടെ പൂർണ ഉത്തരവാദിത്തം എസ്.പിക്കാണെന്നും മുഖ്യമന്ത്രി പ്രശ്നത്തെ നിസാരവത്കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദനത്തിന് ഇരയായ ഓട്ടോ ഡ്രൈവർ ഹക്കീമിന്റെ പരാതിയിൽ രണ്ട് പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹക്കീം ലോക്കപ്പ് മർദനത്തിന് ഇരയായത് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതിനിടെ ആരോപണവിധേയനായ ഇടുക്കി എസ്.പി കെ ബി വേണഗോപാലിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനമായി. ഇടുക്കിയുടെ ക്രമസമാധാനച്ചുമതലയിൽ നിന്നാണ് എസ്.പിയെ നീക്കിയിരിക്കുന്നത്. എന്നാൽ പുതിയ ചുമതല തൽക്കാലം നൽകേണ്ടതില്ലെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ തീരുമാനം.
കെ.ബി വേണഗോപാലിനെതിരെ കടുത്ത നടപടി വരാൻ സാദ്ധ്യതയെന്നാണ് സൂചനകൾ ലഭിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തി എ.ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നൽകുന്ന ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.